ക്രിക്കറ്റ് വാതുവെപ്പാനന്തരം ഉയരുന്ന ചോദ്യങ്ങള്‍

Posted on: June 16, 2013 6:05 am | Last updated: June 15, 2013 at 9:10 pm
SHARE

ipl bettingഅങ്ങനെ ശ്രീശാന്ത് മോചിതനായി. 26 ദിവസത്തെ ജയില്‍വാസം നല്‍കിയ പുതിയ തിരിച്ചറിവുകളുമായാണ് ശ്രീശാന്ത് നെടുമ്പാശ്ശേരിയിലിറങ്ങിയത്. ആരാധകരും ആരവങ്ങളും കുറഞ്ഞ ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാത്ത അന്തരീക്ഷത്തിലേക്കാണ് ഇന്ത്യയുടെ ഈ ഫാസ്റ്റ് ബൗളര്‍ വന്നിറങ്ങിയത്. സൂചന വളരെ വ്യക്തമാണ്. ശ്രീശാന്ത് മാത്രമല്ല, ജനവും മാറിയിരിക്കുന്നു. കരുതിവെച്ച സ്‌നേഹം അവരുടെ മനസ്സുകളില്‍ നിന്ന് കടലെടുത്തു പോയിരിക്കുന്നു.
കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് ശ്രീക്ക് ജാമ്യം അനുവദിക്കപ്പെട്ടത്. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഡല്‍ഹി പോലീസിന് ഉത്തരം മുട്ടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയത് മതിയായ കാരണമില്ലാതെയാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. യഥാര്‍ഥത്തില്‍, പോലീസിന് ശരിക്കും ഉത്തരം മുട്ടിയതാണോ? അതോ അവര്‍ അങ്ങനെ നടിച്ചതോ? അതാണ് കൂടുതല്‍ ശരിയെന്ന് ചിന്തിക്കാന്‍ ന്യായമുണ്ട്.
ഡല്‍ഹിയില്‍ സുഹൃത്തിനൊപ്പം ബസില്‍ യാത്ര ചെയ്യവെ, ക്രൂരമായി ബലാത്സംഗത്തിനിരയായി, ഒടുക്കം മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയെ ആര്‍ക്കും അത്ര എളുപ്പം മറക്കാനാകില്ല. രാജ്യത്തിന്റെ തെരുവുകള്‍ അവള്‍ക്ക് വേണ്ടി കരച്ചിലും പ്രതിഷേധവുമായി ആര്‍ത്തു പെയ്തത് 2012 ഡിസംബറിലാണ്. 2013 ഏപ്രിലില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ഡല്‍ഹയില്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഇതിന്റെ പഴി മുഴുവന്‍ കേട്ടത് തലസ്ഥാന നഗരിയിലെ പോലീസാണ്. ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു തന്നെയും പറയേണ്ടി വന്നു. ആ വിമര്‍ശത്തിന്റെ കുന്തമുനയും ചെന്നു തറച്ചത് ഡല്‍ഹി പോലീസിന്റെ നെഞ്ചിലാണ്. ഈ പാപക്കറകള്‍ കഴുകിക്കളഞ്ഞ് പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള തത്രപ്പാടിന്റെ ഇരയായിരുന്നു ശ്രീശാന്ത് എന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു ഡല്‍ഹി പോലീസിന്റെ നടപടികള്‍. ശ്രീശാന്ത് അറസ്റ്റിലായതിനു ശേഷം ഓരോ ദിവസവും പുതിയ ‘കണ്ടെത്തലുകളു’മായാണ് പോലീസ് മാധ്യമങ്ങളെ സമീപിച്ചത്. അറസ്റ്റിനു പിറകെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമ്മീഷണര്‍ നീരജ്കുമാര്‍ പറഞ്ഞത് സ്‌പോട്ട് ഫിക്‌സിംഗിലൂടെ ശ്രീശാന്ത് ലക്ഷങ്ങള്‍ നേടി എന്നാണ്. പാന്റ്‌സില്‍ വെള്ളത്തൂവാല വെച്ചുകൊണ്ട് ശ്രീശാന്ത് പന്തെറിയുന്ന രംഗവും സ്‌ക്രീനില്‍ കാണിച്ചു. അതു പക്ഷേ, ഒത്തുകളിയുടെ തെളിവായി സ്വീകരിച്ചത് ഏതടിസ്ഥാനത്തിലാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കളിക്കളത്തില്‍ ശ്രീയുടെ ചില അംഗവിക്ഷേപങ്ങള്‍ തെളിവായി അവതരിപ്പിച്ചതും യാതൊരു പിന്‍ബലവുമില്ലാതെയാണ്.
വാതുവെപ്പിലൂടെ ശ്രീശാന്തിന് 40 ലക്ഷം രൂപ ലഭിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. അതില്‍ നിന്ന് ശ്രീ ചെലവഴിച്ചതിന്റെ ബാക്കിയുള്ള ലക്ഷങ്ങള്‍ കണ്ടെടുത്തുവെന്നും അവകാശവാദവുമുണ്ടായി. എന്നിട്ട് ആ പണമെവിടെ? ഇനി കണ്ടെടുത്തുവെങ്കില്‍ തന്നെയും ആ പണം വാതുവെപ്പിലൂടെ ലഭിച്ചതാണെന്നതിന് എന്തുണ്ട് തെളിവ്? പ്രതിവര്‍ഷം എട്ട് കോടി രൂപ നികുതിയടക്കാന്‍ മാത്രം സാമ്പത്തിക പ്രാപ്തിയുള്ള ശ്രീശാന്ത് 40 ലക്ഷം രൂപക്ക് ഒത്തുകളിച്ചുവെന്നു പറയുന്നതില്‍ തന്നെ പരിഹാസ്യതയുണ്ട്. പൊന്‍മുട്ടയിടുന്ന താറാവിനെ ആരെങ്കിലും ആക്രിക്കടയില്‍ വില്‍ക്കുമോ? ശ്രീശാന്ത് ഗേള്‍ഫ്രണ്ടിന് 42,000 രൂപ വിലയുള്ള ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതും ഇതിനിടെ വാര്‍ത്തയായി. വാതുവെപ്പില്‍ നിന്ന് ലഭിച്ച പണമുപയോഗിച്ചാണ് ഇതു വാങ്ങിയതെന്ന ഡല്‍ഹി പോലീസിന്റെ നിഗമനം എന്തടിസ്ഥാനത്തിലായിരുന്നു? ഗേള്‍ഫ്രണ്ടിന് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ഏതു വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത്? ചെറുപ്പക്കാരന്റെ ജീവിതത്തിലെ ധര്‍മച്യൂതിയെ നിയമ വ്യവഹാരങ്ങളുമായി കൂട്ടിയിണക്കിയതിന്റെ താത്പര്യം ശ്രീശാന്തിനെ ‘സ്ത്രീശാന്ത’ാക്കി അവതരിപ്പിച്ച് താറടിക്കുകയായിരുന്നു. ധാര്‍മികമായി ന്യായീകരണമില്ലെങ്കില്‍ തന്നെയും ശ്രീശാന്തിന്റെ സ്വഭാവദൂഷ്യങ്ങളെ തിരുത്താന്‍ ഡല്‍ഹി പോലീസിനെ ആരാണ് ചുമതലപ്പെടുത്തിയത്? നമ്മുടെ നിയമ സംവിധാനത്തില്‍ പോലീസിന് രക്ഷാകര്‍ത്താവിന്റെ സ്ഥാനമല്ല, ക്രമസമാധാനപാലകന്റെ റോളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ലക്ഷങ്ങള്‍ പൊടിച്ച് പാര്‍ട്ടി സംഘടിപ്പിച്ചുവെന്നതാണ് ഒത്തുകളിയിലൂടെ ശ്രീശാന്ത് പണം നേടിയെന്നതിനു തെളിവായി ഡല്‍ഹി പോലീസ് പറഞ്ഞ മറ്റൊരു കാര്യം. കോടികള്‍ ബേങ്ക് ബലന്‍സുള്ള ഒരു താരത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ വാതുവെപ്പില്‍ പങ്കാളിയായേ തീരൂ എന്ന് പോലീസ് പറയുന്നതിന്റെ ന്യായമെന്താണ്? ശ്രീശാന്തിനു വേണ്ടി സാകേത് കോടതിയില്‍ ഹാജരായ പ്രശസ്ത അഭിഭാഷകന്‍ പിനാകി മിശ്ര ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ‘ പാര്‍ട്ടി നടത്തുന്നതിനു വേണ്ടി ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളില്‍ നിന്ന് ആ ദിനങ്ങളില്‍ ശ്രീശാന്ത് പിന്‍വലിച്ചിട്ടുണ്ട്. എന്റെ മകനായിരുന്നു ഇതു ചെയ്തതെങ്കില്‍ ഞാന്‍ ചുട്ട അടി കൊടുക്കുമായിരുന്നു. അല്ലാതെ മക്കോക്ക ചുമത്തുകയല്ല ചെയ്യുക’. അതാണ് കാര്യം. മാതാപിതാക്കളില്‍ നിന്ന് തല്ല് കിട്ടേണ്ട കാര്യങ്ങളെയാണ് വ്യാജവാദങ്ങളുന്നയിച്ച് ഡല്‍ഹി പോലീസ് നിയമപ്രശ്‌നമാക്കിയത്. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ള കമ്മീഷണര്‍ നീരജ്കുമാര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റുമായി പടിയിറങ്ങാന്‍ ആഗ്രഹിച്ചത് സ്വാഭാവികം. അതിനു വേണ്ടിയുള്ള അത്യാവേശമാണ് ശ്രീശാന്തിനു മേല്‍ മക്കോക്കയായി വന്നു പതിച്ചത് എന്നു വേണം അനുമാനിക്കാന്‍.
മഹാരാഷ്ട്രയില്‍ അധോലോക സംഘങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കിയ മക്കോക്ക ശ്രീക്കു മേല്‍ ചാര്‍ത്തിയത് മതിയായ തെളിവില്ലാതെയായിരുന്നു. പക്ഷേ, വാതുവെപ്പിന്റെ മുകളറ്റത്ത് ദാവൂദ് ഇബ്‌റാഹീമാണെന്ന് പ്രസ്താവിച്ച് കേസില്‍ മക്കോക്ക ബാധകമാക്കിയതിനെ ന്യായീകരിക്കാന്‍ പോലീസ് ധൃഷ്ടരായി. എന്താണ് ഈ നിരീക്ഷണത്തിന്റെ പ്രേരകം? ദാവൂദ് ഇബ്‌റാഹീം ലോകത്തിന്റെ ഏതോ കോണില്‍ ജീവിച്ചിരിപ്പുണ്ട്. അതുതന്നെ. അതില്‍ കൂടുതല്‍ മറ്റൊന്നുമില്ല. അധോലോക സംഘങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ഇപ്പറഞ്ഞതില്‍ അര്‍ഥമില്ല. പക്ഷേ, ശ്രീശാന്തിന്റെ കേസില്‍ ദാവൂദ് ഇബ്‌റാഹീമിനെയും അധോലോക മച്ചുനന്മാരെയും വലിച്ചിഴച്ചത് നിയമാനുസൃതമായിരുന്നില്ലെന്ന് ഏതു പൊട്ട ബുദ്ധിക്കും എളുപ്പം മനസ്സിലാകും.
ശ്രീശാന്തിന്റെ പെരുമാറ്റവും ശരീരഭാഷയും അഹങ്കാരം തലക്കു പിടിച്ച ചെറുപ്പക്കാരന്റെതായിരുന്നു എന്നതില്‍ സംശയമില്ല. ആ നിലക്ക് ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കും ശ്രീശാന്തിനോടുണ്ടായിരുന്ന നീരസം ഡല്‍ഹി പോലീസ് മുതലെടുത്തുവെന്ന് കരുതാനും വകയുണ്ട്. ശ്രീശാന്ത് ഒത്തുകളിച്ചില്ലെന്നോ പരമപരിശുദ്ധനെന്നോ അല്ല. അക്കാര്യം കോടതിയില്‍ തീര്‍പ്പാക്കേണ്ടതാണ്. പക്ഷേ, ശ്രീശാന്തിന്റെ കേസില്‍ ഡല്‍ഹി പോലീസ് അനാവശ്യ തിടുക്കം കാട്ടിയെന്നത് വ്യക്തമാണ്. ഗുരുനാഥ് മെയ്യപ്പനോടും വിന്ദു ധാരാസിംഗിനോടുമുള്ള മൃദു സമീപനം ശ്രീശാന്തിനോടുണ്ടായില്ലെന്നത് എന്തുകൊണ്ടാകാം?
ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യയുടെത്. ബി സി സി ഐയുടെ അമരക്കാരന്‍ എന്‍ ശ്രീനിവാസന്‍ 4050 കോടി രുപ മൂല്യമുള്ള ഇന്ത്യാ സിമന്റ്‌സിന്റെയും ഒപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ഐ പി എല്‍ ടീമിന്റെയും ഉടമയാണ്. ശ്രീനിവാസന്റെ മകള്‍ രൂപയെ വിവാഹം ചെയ്ത ഗുരുനാഥ് മെയ്യപ്പന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ സുഹൃത്താണ്. ഉടമസ്ഥന്‍ ശ്രീനിവാസനാണെങ്കിലും ടീമിന്റെ നടത്തിപ്പ് മെയ്യപ്പനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി ഇന്ത്യാ സിമെന്റ്‌സിന്റെ വൈസ് പ്രസിഡന്റുമാണ്. ബോളിവുഡ് നടന്‍ വിന്ദു ധാരാസിംഗാണ് ഈ നാടകത്തിലെ മറ്റൊരു കഥാപാത്രം. അദ്ദേഹം ധോണിയുടെയും ഭാര്യ സാക്ഷിയുടെയും സുഹൃത്താണ്. ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിംഗാണ് വിന്ദുവിന്റെ മറ്റൊരു സുഹൃത്ത്.
ബി സി സി ഐ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെങ്കിലും ശ്രീനിവാസന്റെ നിയന്ത്രണത്തില്‍ തന്നെയാണ് കാര്യങ്ങള്‍. പ്രസിഡന്റിന്റെ ചുമതലകള്‍ താത്കാലികമായി വഹിക്കുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ, ഐ പി എല്ലിനെ ശുദ്ധീകരിക്കാന്‍ മുന്നോട്ടു വെച്ച പത്തിന നിര്‍ദേശങ്ങള്‍ ചീറ്റിപ്പോയതും ഇക്കാരണത്താലാണ്. ശ്രീനിവാസന് മരുമകന്‍ മെയ്യപ്പനെയും മെയ്യപ്പന് ധോണിയേയും ധോണിക്ക് വിന്ദു ധാരാസിംഗിനെയും കൈവിടാനാകില്ല. അതുകൊണ്ടു തന്നെ വാതുവെപ്പ് സംബന്ധമായി ബി സി സി ഐ പ്രഖ്യാപിച്ച അന്വേഷണം യാതൊരു ഫലപ്രാപ്തിയുമുണ്ടാക്കില്ല. കുറ്റവാളിയായി ചൂണ്ടിക്കാണിക്കപ്പെടേണ്ടയാള്‍ നിയന്ത്രണാധികാര ശക്തിയായി മുകളില്‍ വിരാജിക്കുമ്പോള്‍ രവി സവാനിക്കും കൂട്ടര്‍ക്കും എന്തു ചെയ്യാനാകും? പ്രസിഡന്റ് ആഗ്രഹിക്കുന്ന വിധത്തിലൊരു റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കി സമര്‍പ്പിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.
ബോളിവുഡും അധോലോകവും ഇന്ത്യയിലെ ശതകോടീശ്വരന്മാരും ഉള്‍പ്പെട്ട വാതുവെപ്പ് ശൃംഖലയിലെ ഇങ്ങേയറ്റത്തുള്ള ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് ശ്രീശാന്ത് (അയാള്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍). യഥാര്‍ഥ ‘കളി’ നടന്നത് കളത്തിനു പുറത്താണ്. അത് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നത് ശ്രീശാന്തിന്റെ കഴിവുകേടാണ്. ശ്രീ അറസ്റ്റിലായതിന്റെ തൊട്ടു പിറകെ മാതാപിതാക്കള്‍ നടത്തിയ പ്രതികരണം, ധോണിയും ഹര്‍ഭജനും നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നാണ്. അതില്‍ വസ്തുതാപരമായി പിശകുണ്ട്. പക്ഷേ, വാതുവെപ്പിന്റെ കരിനിഴല്‍ അവരുടെ മേല്‍ പതിയുന്നുവെന്ന ഘട്ടമെത്തിയപ്പോഴാണ് സാകേത് കോടതിയില്‍ ഡല്‍ഹി പോലീസിന് ഉത്തരം മുട്ടിയത് എന്നു കാണാവുന്നതാണ്.
രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ രാജ് കുന്ദ്രയെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലായത് അദ്ദേഹവും ഭാര്യ ശില്‍പ്പാ ഷെട്ടിയും വാതുവെച്ചിരുന്നു എന്നാണ്. പക്ഷേ, അതിന്മേല്‍ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. പ്രശസ്ത ബോളിവുഡ് നടി കൂടിയായ ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തില്ല. രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തില്ല. സംശയത്തിന്റെ നിഴലിലുള്ള മഹേന്ദ്രസിംഗ് ധോണിയെ മൊഴിയെടുക്കാന്‍ പോലും വിളിച്ചു വരുത്തിയില്ല. വാതുവെപ്പ് കേസിലെ പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിന്ദു ധാരാസിംഗിനൊപ്പമിരുന്ന് കളി കണ്ട, രാജസ്ഥാന്‍ സ്വദേശിനിയായ ഝാലയെ(ഈ പെണ്‍കുട്ടിക്കാണ് ശ്രീശാന്ത് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത്.) ശ്രീശാന്തിന് പരിചയപ്പെടുത്തിയ സാക്ഷി ധോണിയേയും പോലീസ് ഇതുവരെയും ചോദ്യം ചെയ്തില്ല. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് എത്തുമെന്നായപ്പോള്‍ ഡല്‍ഹി പോലീസിന്റെ ആവേശമടങ്ങി. വീര്യം കുറഞ്ഞു. കേസ് ഇനി മുന്നോട്ടുപോകുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാകുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ടാണ് കോടതിയുടെ പല ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ മൗനമവലംബിച്ചതും ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ കുറ്റാരോപിതര്‍ക്കും ജാമ്യം ലഭിച്ചോട്ടെ എന്ന നിലപാടെടുത്തതും. ഈ കളിയില്‍ നഷ്ടം ശ്രീശാന്തിനു മാത്രമാണ്.
ക്രിക്കറ്റ,് മാന്യന്മാരുടെ കളിയെന്നത് പറഞ്ഞു പഴകിയ വിശേഷണമെങ്കിലും തുടക്കക്കാരനെന്ന നിലയിലെങ്കിലും അതിനോട് നീതി പുലര്‍ത്താന്‍ ശ്രീശാന്ത് ശ്രദ്ധിക്കേണ്ടതായിരുന്നു. ആരോപണങ്ങളുയര്‍ന്നപ്പോള്‍ ശ്രീക്കു വേണ്ടി ശബ്ദിക്കാന്‍ ഏറെപ്പേരുണ്ടാകാത്തതും മറ്റൊരു കാരണത്താലല്ല. ജയില്‍, വാസം തന്നെ ചിലത് പഠിപ്പിച്ചെന്ന് മാധ്യമങ്ങളോട് പറഞ്ഞത് സത്യസന്ധമെങ്കില്‍ ശ്രീയുടെ ജീവിതത്തില്‍, പെരുമാറ്റത്തില്‍, അത് പ്രതിഫലിക്കേണ്ടതുണ്ട്.

 

[email protected]