Connect with us

Gulf

രൂപക്ക് വന്‍ തകര്‍ച്ച

Published

|

Last Updated

ദുബൈ: രൂപക്ക് വന്‍ വിലത്തകര്‍ച്ച. ഒരു ദിര്‍ഹം നല്‍കിയാല്‍ 15.72 രൂപ ലഭിക്കുന്ന അവസ്ഥയിലെത്തി. മണി എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഡോളര്‍ ശക്തിപ്പെട്ടതാണ് രൂപയുടെ വിലത്തകര്‍ച്ചക്കു കാരണം.
വിനിമയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും വിലത്തകര്‍ച്ച ഇതിനു മുമ്പ് അനുഭവപ്പെട്ടിട്ടില്ല. ഡോളറിന് 57.76 രൂപയായാണ് വര്‍ധിച്ചത്. ഇതോടെ ഡോളര്‍ ആശ്രിത കറന്‍സികളുടെ വില വര്‍ധിച്ചു. ദിര്‍ഹമിന്റെയും റിയാലിന്റെയും വില വര്‍ധിച്ചു. കഴിഞ്ഞ ജൂണില്‍ ദിര്‍ഹത്തിന് 15.55 രൂപ വിലയായതാണ് സമീപകാലത്തെ കൂടിയ നിരക്ക്. റിസര്‍വ് ബേങ്ക് ഇടപെട്ടില്ലെങ്കില്‍ രൂപയുടെ മൂല്യം ഇനിയും താഴും. വിദേശ കറന്‍സി നിക്ഷേപം കുറച്ചാല്‍ മാത്രമേ ഡോളറിനു മുന്നില്‍ രൂപക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ.
ഒരു ഡോളറിന് 57.54 രൂപയായി. ഇന്ന് 48 പൈസയുടെ വ്യത്യാസമാണ് ഉണ്ടായത്. 57.06 ആയിരുന്നു വെള്ളിയാഴ്ചത്തെ ക്ലോസിംഗ് നിരക്ക്. ഒരു വര്‍ഷത്തിനിടെ രൂപ നേരിടുന്ന കനത്ത തകര്‍ച്ച കൂടിയാണിത്. ഇറക്കുമതിക്കാര്‍ നല്ല തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണു രൂപയ്ക്കു തിരിച്ചടി നല്‍കിയത്. എണ്ണക്കമ്പനികളാണ് ഇതില്‍ മുന്നിട്ടു നിന്നത്.
2012 ജൂണില്‍ രേഖപ്പെടുത്തിയ 57.32 ആണ് രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണു രൂപയുടെ മൂല്യം ഇടിയുന്നത്. രൂപയുടെ നില കൂടുതല്‍ ദുര്‍ബലമാകാനാണു സാധ്യതയെന്നു വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നു. മേയ് 23 ന് ഒറ്റ ദിവസം കൊണ്ട് 54 പൈസയുടെ വ്യത്യാസം ഉണ്ടായപ്പോഴാണു രൂപ 56 നിലവാരം ഭേദിച്ചത്. രൂപയുടെ വിലയിടിവു കയറ്റുമതി മേഖലയ്ക്കു സന്തോഷം പകരുമ്പോള്‍, ഇറക്കുമതി വ്യവസായ രംഗം കടുത്ത ആശങ്കയിലാണ്.