Connect with us

Kozhikode

എംപ്ലോയബിലിറ്റി സെന്റര്‍ യാഥാര്‍ഥ്യമാകുന്നു; ഉദ്ഘാടനം 21 ന്

Published

|

Last Updated

കോഴിക്കോട്: എറണാകുളത്തിനും കൊല്ലത്തിനും പിന്നാലെ കോഴിക്കോട്ടും എംപ്ലോയബിലിറ്റി സെന്റര്‍ യാഥാര്‍ഥ്യമാകുന്നു. സെന്ററിന്റെ ഉദ്ഘാടനം 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിക്കും. മന്ത്രി ഡോ.എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് രാവിലെ 11 ന് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കോഴിക്കോട് ജോബ് ഫെസ്റ്റ്-2013 സംഘടിപ്പിക്കും. മേളയില്‍ പ്രശസ്തരായ നൂറിലധികം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും തത്‌സമയം റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യും.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ 37,42,888 രൂപ ചെലവഴിച്ചാണ് എംപ്ലോയബിലിറ്റി സെന്റര്‍ ഒരുക്കിയത്. സര്‍ക്കാര്‍ -സര്‍ക്കാറേതര മേഖലകളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും തൊഴിലന്വേഷകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി സ്വകാര്യ മേഖലയിലേക്ക് കൂടി അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ കെസ്‌റു സ്വയംതൊഴില്‍ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 48 പേര്‍ക്ക് 29,97,490 രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 5,99,498 രൂപയും സബ്‌സിഡിയാണ്. ശരണ്യ പദ്ധതിയില്‍ 211 പേര്‍ക്ക് 47,12,500 രൂപ നല്‍കിയതില്‍ 23,56,250 രൂപ സബ്‌സിഡിയാണ്. ജോബ്ക്ലബ് വഴി 16 ഗുണഭോക്താക്കള്‍ക്ക് 36,15,000 രൂപ വായ്പ നല്‍കി. സബ്‌സിഡി 9,03,750 രൂപ. തൊഴിലന്വേഷകര്‍ക്കായി 114 കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും 32 കരിയര്‍ എക്‌സിബിഷനുകളും 85 കോച്ചിംഗ് ക്ലാസുകളും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് നടത്തിയിട്ടുണ്ട്.

Latest