റോളാംഗ് ഗ്യാരോസിന്റെ സ്വന്തം റാഫ

Posted on: June 10, 2013 9:26 am | Last updated: June 10, 2013 at 9:26 am
SHARE

rafa

പാരീസ്: കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ റോളണ്ട് ഗാരോസില്‍ പുതിയ ചരിത്രമെഴുതി. എട്ട് തവണ ഫ്രഞ്ച് ഓപണ്‍ കിരീടങ്ങളുയര്‍ത്തുന്ന ടെന്നീസ് ചരിത്രത്തിലെ ആദ്യ കളിക്കാരനെന്ന മഹത്തായ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് ആള്‍ സ്പാനിഷ് ഫൈനലായി വിലയിരുത്തപ്പെട്ട കലാശപ്പോരില്‍ നാട്ടുകാരനായ ഡേവിഡ് ഫെററെ കീഴടക്കി നദാല്‍ കിരീടം നേടിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ നാദാലിന് കാര്യമായി വെല്ലുവിളിയുയര്‍ത്താന്‍ പോലും കഴിയാതെയാണ് ഡേവിഡ് ഫെറര്‍ കീഴടങ്ങിയത്. 6- 3, 6- 2, 6- 3 എന്ന സ്‌കോറിനാണ് നദാല്‍ കരിയറിലെ 12ാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം ആഘോഷിച്ചത്.
സംഭവ ബഹുലമായിരുന്നു കലാശപ്പോര്. രണ്ടാം സെറ്റില്‍ നദാല്‍ 5- 1ന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഫ്രാന്‍സിലെ വിവാദമായ സ്വവര്‍ഗ്ഗ വിവാഹ നിയമത്തില്‍ പ്രതിഷേധിച്ച് തീപ്പന്തവുമായി നഗ്നനായി എത്തിയ പ്രതിഷേധക്കാരന്‍ റോളണ്ട് ഗാരോസില്‍ അല്‍പ്പനേരം പരിഭ്രാന്തി സൃഷ്ടിച്ചു. സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച പ്രതിഷേധക്കാരന്‍ നദാലിന് സമീപത്തേക്ക് അടുക്കാനും ശ്രമിച്ചു. എന്നാല്‍ നദാലിനും പ്രതിഷേധക്കാരനും ഇടയില്‍ കയറി നിന്ന് മറ്റൊരു സെക്യൂരിറ്റി ഇയാളെ മൈതാനത്തു നിന്ന് മാറ്റി രംഗം ശാന്തമാക്കി.
ആദ്യ സെറ്റ് നദാല്‍ അനായാസം നേടി. രണ്ടാം സെറ്റില്‍ 2-2ന് സമനില പിടിക്കാന്‍ ഫെറര്‍ക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് ഒറ്റ പോയിന്റ് മാത്രം വിട്ടുകൊടുത്താണ് നദാല്‍ രണ്ടാം സെറ്റും തന്റെ പേരിലാക്കിയത്. ഈ സമനില പിടിച്ചപ്പോള്‍ മാത്രമാണ് ഫെറര്‍ ചിത്രത്തിലുണ്ടായിരുന്നത്. കളിയുടെ സമസ്ത മേഖലയിലും നദാല്‍ മികവിന്റെ ഉന്നതികളിലായിരുന്നു.
കരിയറില്‍ ഇതുവരെ ഗ്രാന്‍ഡ്സ്ലാം കിരീടമൊന്നും നേടാന്‍ ഫെറര്‍ക്ക് സാധിച്ചിട്ടില്ല. ഇത്തവണ അത് പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സ്പാനിഷ് താരം. മുമ്പ് നദാലുമായി ഏറ്റുമുട്ടിയതില്‍ നാല് തവണ മാത്രമാണ് ഫെറര്‍ വിജയം കണ്ടത്. 19 കളികളില്‍ നാദാലിനൊപ്പമായിരുന്നു വിജയം. കളിമണ്‍ പ്രതലത്തില്‍ നദാലിനോട് ഒറ്റ തവണ മാത്രമാണ് ഫെറര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഫ്രഞ്ച് ഓപണ്‍ നേടിയ നദാലിന് 2009ല്‍ നേട്ടമാവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. 2010 മുതല്‍ വീണ്ടും കുതിപ്പ് തുടര്‍ന്ന സ്പാനിഷ് താരം ഇത്തവണയും എതിരാളികളില്ലാത്ത കുതിപ്പാണ് നടത്തിയത്. റോളണ്ട് ഗാരോസില്‍ 60 മത്സരത്തിനിറങ്ങിയ നദാല്‍ വിജയത്തിന്റെ ഗ്രാഫ് 59ല്‍ നിര്‍ത്തിയാണ് മടങ്ങുന്നത്.
ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്, ഹോളീവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ഫൈനല്‍ കാണാന്‍ എത്തിയിരുന്നു.
വിജയത്തില്‍ എല്ലാവരോടും പ്രത്യേകിച്ച് കുടുംബത്തോടും നന്ദി പറയുന്നതായി മത്സരശേഷം നദാല്‍ പറഞ്ഞു. പരുക്കേറ്റ് ഏറെ വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ എല്ലാവരുടെയും പിന്തുണയാണ് തിരിച്ചെത്താന്‍ പ്രേരകമായത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പിന്തുണച്ച എല്ലാവരും പോസിറ്റീവ് കരുത്താണ് പകര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.