Connect with us

National

അറുപതിലേറെ സീറ്റുകളില്‍ തൃണമൂലിന് എതിരാളികളില്ല

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അറുപതിലേറെ പഞ്ചായത്തുകളും നിരവധി പഞ്ചായത്ത് സമിതികളും തൃണമൂല്‍ കോണ്‍ഗ്രസിന് ഉറപ്പായി. ഇവിടങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ഹൂഗ്ലിയില്‍ 39 പഞ്ചായത്തുകള്‍ മത്സരിക്കാതെ തന്നെ തൃണമൂലിന് ലഭിക്കും. വെസ്റ്റ് മിഡ്‌നാപൂരില്‍ 17ഉം ഹൗറയില്‍ പത്തും സീറ്റുകളില്‍ വിജയിക്കും.
അയ്യായിരത്തിലേറെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞു. പത്രിക സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. സുതാര്യതക്ക് വേണ്ടിയാണ് മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇത് തുടരുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. ജനാധിപത്യ പ്രക്രിയ പ്രഹസനമാകാതിരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ബിമന്‍ ബോസ് കൂട്ടിച്ചേര്‍ത്തു. യോജിച്ച സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാല്‍ തങ്ങളെ കുറ്റപ്പെടുത്തി കൈ കഴുകുകയാണെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് അവകാശപ്പെട്ടു.
അതേസമയം, കേശ്പൂരിലെ 50ഉം ഗര്‍ബേട്ടയിലെ 48ഉം ഖെജൂരി- ഒന്നിലെ 32ഉം ഖെജൂരി- രണ്ടിലെ 12ഉം സീറ്റുകളില്‍ തൃണമൂലിന് എതിര്‍സ്ഥാനാര്‍ഥികളുണ്ട്. എന്നാല്‍ തൃണമൂലില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങള്‍ നല്‍കുന്നതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ തങ്ങള്‍ക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ട്. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Latest