കരിപ്പൂര്‍ വിമാനത്താവളം അവഗണന; സംയുക്ത സമര സമിതി പ്രക്ഷോഭത്തിന്

Posted on: June 9, 2013 8:29 am | Last updated: June 9, 2013 at 8:29 am
SHARE

കോഴിക്കോട്: വിമാനത്താവളം വികസനത്തിന് ആവശ്യമായ 137 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രക്ഷോഭത്തിലേക്ക്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അവഗണന മലബാറിന്റെ വികസന സ്വപ്‌നം തകര്‍ത്തിരിക്കുകയാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
9000 അടി റണ്‍വേയുള്ള കോഴിക്കോട് എയര്‍പോര്‍ട്ട് 11000 ആക്കി മാറ്റിയാലേ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ മതിയായ സൗകര്യങ്ങളോടുകൂടി നടപ്പിലാക്കുമ്പോള്‍ ചില പ്രാദേശിക, രാഷ്ട്രീയ താത്പര്യങ്ങള്‍ കോഴിക്കോട് വിമാനത്താവളം വികസനം മരവിപ്പിക്കുകയാണ്. ഇതിനെതിരെ വ്യാപാരികള്‍ സമരരംഗത്തിറങ്ങും.
137 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്ത് നല്‍കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാനും കാലിക്കറ്റ് ചേംബര്‍, മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ടാക്‌സ് പേയെര്‍സ് അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളുടെ സംയുക്ത സമരസമിതി 10ന് മലപ്പുറം കലക്ടര്‍ക്ക് നിവേദനം നല്‍കും. തുടര്‍ന്ന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും നിവേദനം നല്‍കും. എന്നിട്ടും പുരോഗമനമുണ്ടാകാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതായി ചേംബര്‍ പ്രസിഡന്റ് അഡ്വ. പി ടി എസ് ഉണ്ണി, സെക്രട്ടറി ഷംസുദ്ദീന്‍ മുണ്ടോളി, ട്രഷറര്‍ കുഞ്ഞോത്ത് അബൂബക്കര്‍, സിയാഡ്‌സ് ചെയര്‍മാന്‍ ഡോ. കെ മൊയ്തു, എം മുസമ്മില്‍ പറഞ്ഞു.