Connect with us

Kerala

മൂവര്‍ സംഘത്തില്‍ നിന്ന് രണ്ടാമനും വിടവാങ്ങി

Published

|

Last Updated

trio
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അനുഗ്രഹമായി മാറിയ പലരുമുണ്ട് കേരള രാഷ്ട്രീയത്തില്‍. അതില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഇന്നലെ വിടവാങ്ങിയ ലോനപ്പന്‍ നമ്പാടന്‍. അന്തരിച്ച സി പി ഐ നേതാവ് സി കെ ചന്ദ്രപ്പന്‍, സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ എന്നിവരാണ് മറ്റ് രണ്ട് പേര്‍. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തേരോട്ടത്തില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ച ഈ മൂന്ന് പേരും മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ചരിത്ര വിജയത്തിന് തിളക്കമേറ്റിയവരായിരുന്നു.

2001ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയുടെ മുതിര്‍ന്ന നേതാവായിരുന്ന സി കെ ചന്ദ്രപ്പന്‍ ചേര്‍ത്തലയില്‍ നിന്ന് എ കെ ആന്റണിയോട് പരാജയപ്പെട്ടു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ എ സി ജോസിനെ തോല്‍പ്പിച്ച് മികച്ച വിജയം നേടാനായിരുന്നു ചന്ദ്രപ്പന് നിയോഗം. ടി കെ ഹംസക്ക് പൊന്നാനിയിലാണ് അടിതെറ്റിയത്. കോണ്‍ഗ്രസിലെ എം പി ഗംഗാധരനായിരുന്നു അവിടെ വിജയിച്ചത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന മഞ്ചേരിയില്‍ കെ പി എ മജീദിനെ തറപറ്റിച്ച് ചരിത്ര വിജയം നേടി ഹംസയും ഡല്‍ഹിയിലേക്ക് വണ്ടികയറി.

ഈ രണ്ട് ജയങ്ങളേക്കാളും തിളക്കമേറിയതായിരുന്നു മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിലെ നമ്പാടന്‍ മാഷുടെ ജയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 7332 വോട്ടിന് കൊടകരയില്‍ കോണ്‍ഗ്രസിലെ കെ പി വിശ്വനാഥനോട് തോറ്റ നമ്പാടനെ കാത്തിരുന്നത് 1,17,097 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലോക്‌സഭയിലേക്കുള്ള ടിക്കറ്റായിരുന്നു.

മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കെ കരുണാകരന് എതിരാളികളില്‍ നിന്ന് ഏറെ വിമര്‍ശങ്ങളേല്‍ക്കേണ്ടിവന്ന ആ തിരഞ്ഞടുപ്പില്‍ പത്മജാ വേണുഗോപാലിനെ നിലംപരിശാക്കിയാണ് നമ്പാടന്‍ മാഷ് ജയിച്ചത്. സി കെ ചന്ദ്രപ്പന്‍ കഴിഞ്ഞ വര്‍ഷവും നമ്പാടന്‍ മാഷ് ഇന്നലെയും ജീവിതത്തില്‍ നിന്ന് വിടവാങ്ങിയതോടെ മൂവര്‍ സംഘത്തില്‍ ടി കെ ഹംസ മാത്രം ബാക്കിയായി.

Latest