കര്‍ണാടക നിയമസഭ: കഗൊഡു തിമ്മപ്പ സ്പീക്കറാകും

Posted on: May 31, 2013 7:45 am | Last updated: May 31, 2013 at 7:45 am
SHARE

ബംഗളൂരു: കര്‍ണാടക നിയമസഭയുടെ പുതിയ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കഗൊഡു തിമ്മപ്പ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്ദേഹം മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ ഇന്ന് അദ്ദേഹത്തെ സ്പീക്കറായി പ്രഖ്യാപിക്കും.
ഷിമോഗ ജില്ലയിലെ സാഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 82കാരനായ തിമ്മപ്പ മുന്‍ മന്ത്രിയാണ്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമാകാനായിരുന്നു അദ്ദേഹം താത്പര്യപ്പെട്ടിരുന്നതെങ്കിലും നേതൃത്വം ഇടപെട്ട് അദ്ദേഹത്തിന്റെ മനസ് മാറ്റിക്കുകയായിരുന്നു.
14 ാമത് നിയമസഭയുടെ കന്നി സമ്മേളനത്തില്‍ 223 അംഗ സഭയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 216 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട മുതിര്‍ന്ന എം എല്‍ എയായ ഡി കെ ശിവകുമാര്‍, ബി എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ബി ശ്രീരാമുലു തുടങ്ങി ഏഴ്‌പേര്‍ ഇനിയും സത്യപ്രതിജ്ഞ ചെയ്യാനുണ്ട്. അഴിമതി ആരോപണങ്ങളാണ് ശിവകുമാറിന് മന്ത്രി സ്ഥാനം നിഷേധിക്കപ്പെടാന്‍ കാരണമായത്.
പ്രതിപക്ഷ നേതാവായ ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയായിരുന്ന തനിക്ക് ഇപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കൈവന്നിരിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവ ഗൗഡയും നിയമസഭയില്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി അനുസ്മരിച്ചു.
ട്രൈബൂണലിന്റെ ഉത്തരവുണ്ടായിട്ടും കാവേരി നദീജലം വിട്ടുകൊടുക്കാത്തതിനാല്‍ സാമ്പ, കുറുവ വിള നശിച്ചതിന്റെ പേരില്‍ കര്‍ണാടകക്കെതിരെ 2,500 കോടി രൂപക്ക് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഖ്യാപനം വെറും ‘ബാലിശമാണെന്ന്’ കുമാരസ്വാമി അഭിപ്രായപ്പെട്ടു. മഴ കുറഞ്ഞതിനാല്‍ വെള്ളത്തിന് കര്‍ണാടകയിലും ദൗര്‍ലഭ്യമുണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രസ്തുത മേഖലയില്‍ കൃഷിയിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.