ബി ജെ പിക്കുള്ളിലെ അപ്രിയസത്യങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് ജഠ്മലാനി

Posted on: May 30, 2013 12:12 am | Last updated: May 30, 2013 at 12:31 am
SHARE

ന്യൂഡല്‍ഹി: ബി ജെ പിക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജഠ്മലാനി. കള്ളപ്പണത്തിനെതിരെ താന്‍ നടത്തിയ കാമ്പയിനുകളാണ് തന്നെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, തന്നെ പുറത്താക്കാന്‍ തീരുമാനമെടുത്ത ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡില്‍ അംഗമായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല. തന്നെ പുറത്താക്കിയ നടപടിയെ വിഡ്ഢിത്തം എന്നുവിശേഷിപ്പിച്ച അദ്ദേഹം, കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ താത്പര്യമില്ലാത്തവര്‍ പാര്‍ട്ടിക്കുള്ളിലുണ്ടെന്നും വ്യക്തമാക്കി.
അഴിമതി ഭരണവുമായി സമരസപ്പെട്ടുപോകുന്നവര്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് വരെ തനിക്ക് വിശ്രമമില്ല. കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെ പിന്തുണക്കാന്‍ പാര്‍ട്ടി നേതൃത്വം വിസമ്മതിക്കുകയാണ്. ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലക്ഷക്കണക്കിന് വോട്ടുകളാണ് ഇവര്‍ പാഴാക്കുന്നത്. ഏതെങ്കിലും മന്ത്രിസ്ഥാനത്തില്‍ തനിക്ക് താത്പര്യമില്ല. അതേസമയം കള്ളപ്പണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സ്ഥാനം തെറിപ്പിക്കലാണ് തന്റെ ലക്ഷ്യം. മറ്റാരേക്കാളും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും യോജിച്ച വ്യക്തി നരേന്ദ്ര മോഡി തന്നെയാണ്. ജഠ്മലാനി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here