Connect with us

Gulf

'ഡിസാസ്റ്റര്‍ ഗ്രൂപ്പ്' നേതാവിന്റെ കാര്‍ ദുബൈ പോലീസ് പിടികൂടി

Published

|

Last Updated

ദുബൈ: പൊതുനിരത്തുകളില്‍ ഡിസാസ്റ്റര്‍ ഗ്രൂപ്പ് എന്ന് സ്വയം പരിചയപ്പെടുത്തി കാറുകളിലും ബൈക്കുകളിലുമായി റോഡ് സുരക്ഷക്ക് നിരക്കാത്ത രീതിയിലും പോലീസിനെ വെല്ലുവിളിച്ചും വാഹനമോടിക്കുന്ന സംഘത്തലവനെ സാഹസികമായി പോലീസ് പിടികൂടി. ദുബൈയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് അല്‍ വര്‍ഖാ, ഖവാനീജ് എന്നിവിടങ്ങളില്‍ ഇത്തരം സംഘത്തിന്റെ റോഡിലിറങ്ങിയുള്ള പരാക്രമങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.

പല തവണ പോലീസിന്റെ മുമ്പില്‍ നിന്ന് സമര്‍ഥമായി രക്ഷപ്പെടുകയും തന്റെ ബ്ലാക്ക്‌ബെറി മെസഞ്ചറിലൂടെ തന്നെ പിടികൂടാന്‍ ഒരിക്കലും കഴിയില്ലെന്ന് പട്രോള്‍ നടത്തുന്ന പോലീസുകാര്‍ക്ക് സന്ദേശം അയക്കുകയും ചെയ്ത് വെല്ലുവിളി ഉയര്‍ത്തിയ സംഘത്തലവനാണ് പോലീസിന്റെ വലയിലായത്. മുന്നില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും പിന്നില്‍ വ്യാജ നമ്പര്‍ പതിക്കുകയും ചെയ്ത വണ്ടിയുടെ പുറത്ത് അറബി, ഇംഗ്ലീഷ് ഭാഷകളിലായി “ഡിസാസ്റ്റര്‍” എന്ന് എഴുതിയിരുന്നു. നിരത്തിലിറങ്ങുമ്പോഴെല്ലാം ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം മറച്ചാണ് കാണാറുണ്ടായിരുന്നത്.
പോലീസ് വാഹനത്തിന് പലപ്പോഴും ഭീഷണി സൃഷ്ടിച്ച ഈ സംഘത്തിന്റെ ലാന്റ്ക്രൂസര്‍ കാര്‍ റാശിദിയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വര്‍സാനില്‍ വെച്ച് സാഹസികമായി പിടികൂടിയത്. പിടിയിലാകുമെന്ന് മനസിലാക്കിയ പ്രതി കാറില്‍ തന്റെ കൂടെയുണ്ടായിരുന്ന സഹായിയുടെ കൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമര്‍ഥമായി പോലീസ് പിടികൂടുകയായിരുന്നു.
തിരക്കുള്ള റോഡുകളില്‍ കാറിന്റെ ഒരു ഭാഗം ഉയര്‍ത്തി ഇരുചക്രങ്ങളില്‍ മാത്രം അതിവേഗത്തില്‍ ഓടിക്കുന്നത് ഈ സംഘത്തിന്റെ പതിവു പരിപാടിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൃത്രിമ രേഖകളോടുകൂടിയുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ഇത്തരം മത്സരങ്ങള്‍ നടത്തുന്ന സംഘാംഗങ്ങളാണ് പിടിയിലായവര്‍. ബ്ലാക്ക്‌ബെറി ഉപയോഗിച്ച് സന്ദേശം കൈമാറിയാണ് സംഘത്തിന്റെ നീക്കങ്ങളുടെ നിയന്ത്രണം. പ്രതിയില്‍ നിന്ന് കിട്ടിയ സൂചനകളനുസരിച്ച് ഈ സംഘം ഉപയോഗിച്ചിരുന്ന ധാരാളം ബൈക്കുകളും പോലീസ് പിടികൂടിയിട്ടുണ്ട്.

Latest