Connect with us

Malappuram

കാടിന്റെ മക്കളുടെ വിശേഷം തേടി മന്ത്രി ആദിവാസി കോളനികളില്‍

Published

|

Last Updated

മലപ്പുറം: പരിഭവങ്ങള്‍ കേട്ടും വിശേഷം തിരക്കിയും കാടിന്റെ മക്കള്‍ക്ക് സാന്ത്വന സ്പര്‍ശമായി മന്ത്രി പി കെ ജയലക്ഷ്മി ആദിവാസി കോളനിയില്‍. ജില്ലയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണ് മന്ത്രി ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചത്. പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടന്‍ പരിഹാരമുണ്ടാവുമെന്ന് മന്ത്രി കോളനിവാസികള്‍ക്ക് ഉറപ്പ് നല്‍കി. മാഞ്ചീരി, പാണപ്പുഴ അള, മണ്ണള മാഞ്ചീരി കോളനികളും മുണ്ടക്കടവ് കാട്ടുനായ്ക്ക കോളനികളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. ഏഷ്യയിലെ അവശേഷിക്കുന്ന ഏക ഗുഹാവാസികളാണ് ചോലനായ്ക്കര്‍.
കോളനിയിലെത്തിയ മന്ത്രി ഊരു മൂപ്പന്‍മാരായ പാണപ്പുഴ ചാത്തന്‍, മീന്‍മുട്ടി വീരന്‍, മണ്ണള്ള കണ്ണന്‍ എന്നിവരോട് കുശലാന്വേഷണം നടത്തി. പ്രമേഹ രോഗം പിടിപ്പെട്ട് കിടപ്പിലായ സുഭാഷിനെ സന്ദര്‍ശിച്ച മന്ത്രി ആവശ്യമായ സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ പ്ലസ് ടു വിജയിയായ വിനോദിന് ഉപഹാരവും കോളനിവാസികള്‍ക്കുള്ള ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു. സോളാര്‍ ലൈറ്റ്, ടാര്‍പായ, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, തോര്‍ത്ത്, പാത്രങ്ങള്‍ എന്നിവയാണ് മന്ത്രി വിതരണം ചെയ്തത്. 43 കുടുംബങ്ങളിലായി 191 പേരാണ് ചോലനായ്ക്ക വിഭാഗത്തിലുള്ളത്.
നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, കരുളായി പഞ്ചായത്ത് പ്രസിഡന്റ് നഫീസ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയക്കുട്ടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി വനജ, ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസര്‍ കെ എ ജസിമോള്‍, പി വി ടി ജി സെക്റ്ററല്‍ ഓഫീസര്‍ വിപിന്‍ദാസ്, ഡി എം ഒ വി. ഉമ്മര്‍ ഫാറൂഖ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest