നോട്ടിരട്ടിപ്പ്: ഇരകളിലധികവും അതിമോഹക്കാര്‍

Posted on: May 23, 2013 1:30 am | Last updated: May 23, 2013 at 1:30 am
SHARE

ദുബൈ: നോട്ടിരട്ടിപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങുന്നവരില്‍ 80 ശതമാനവും അതിമോഹക്കാരാണെന്ന് ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ഖലീല്‍ ഇബ്രാഹിം മന്‍സൂരി. ധാരാളം നോട്ടിരട്ടിപ്പ് കേസുകള്‍ സാമ്പത്തിക കുറ്റകൃത്യ നിയന്ത്രണ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കേസുകളിലെ ഇരകളെക്കുറിച്ച് പഠിച്ചപ്പോഴാണ് ഈ കണക്ക് ബോധ്യപ്പെട്ടത്.
അഞ്ചു മാസത്തിനിടെ 6 തവണ ഇത്തരം തട്ടിപ്പില്‍ കുടുങ്ങിയ ഒരു ഗള്‍ഫ് പൗരന്റെ കേസ് പ്രത്യേകം പഠനവിധേയമാക്കി. പത്തു ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു എന്ന് വിശ്വസിപ്പിച്ചാണ് പലതവണകളിലായി ഇയാളില്‍ നിന്ന് തട്ടിപ്പ് സംഘം പണം കൈപ്പറ്റിയത്. ഏഷ്യന്‍ വംശജനായ ഒരു വ്യാപാരിക്ക് ഈ രീതിയില്‍ നഷ്ടമായത് 20 ലക്ഷത്തിലധികം ദിര്‍ഹമാണ്. ആര്‍ത്തി മൂത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍ പെട്ടെന്ന് ആകൃഷ്ടരാകുന്നത്. ആഫ്രിക്കന്‍ വംശജരായ ഒരു സംഘത്തിന്റെ കെണിയില്‍ വീണ് പണം നഷ്ടമായ ഒരു സ്വദേശിയുടെ സംഭവം പോലീസ് പറയുന്നതിങ്ങനെ:
സംഘത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയ ഇയാള്‍ 5 ലക്ഷം ദിര്‍ഹം നോട്ടിരട്ടിപ്പിനായി ഇവര്‍ക്ക് നല്‍കി. പക്ഷെ, പറഞ്ഞുറച്ച തീയതിക്കു മുമ്പ് മുങ്ങിയ ഈ സംഘത്തിന്റെ നേതാവിനെ അവിചാരിതമായി നൈഫ് സൂഖില്‍ വെച്ച് കണ്ടുമുട്ടി. തട്ടിപ്പുകാരനെ പോലീസില്‍ ഏല്‍പിക്കുന്നതിനു പകരം അയാള്‍ ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനങ്ങളില്‍ വീഴുകയായിരുന്നു. ഒരിക്കല്‍ കൂടി ഇയാളില്‍ നിന്ന് തട്ടിപ്പു സംഘം ഭീമമായ സംഖ്യ വസൂലാക്കി മുങ്ങി. ഈ വര്‍ഷം മാത്രം ദുബൈ പോലീസ് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ പെടുന്നത് ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here