Connect with us

Wayanad

വിദ്യാഭ്യാസ വായ്പ: രണ്ട് വര്‍ഷത്തെ പലിശയിളവ് സര്‍ക്കാറില്‍ നിന്ന് ലഭിച്ചില്ല

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യഭ്യാസ വായ്പയില്‍ പ്രഖ്യാപിച്ചിട്ടുള്ള പലിശയിളവ് രണ്ട് വര്‍ഷമായി ബേങ്കുകള്‍ക്ക് ലഭിച്ചില്ല. അതോടെ ബേങ്കുകള്‍ അയക്കുന്ന നോട്ടീസില്‍ ഈ പലിശ കൂടി ഉള്‍പ്പെടുത്തുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് 2010-11 വര്‍ഷം വരെയുള്ള പലിശയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 2011-12, 2012-13 വര്‍ഷങ്ങളിലെ പലിശ കുടിശികയാണ്. നോട്ടീസ് ലഭിക്കുന്നവരും വായ്പ അടച്ചു തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരുമായവര്‍ക്ക് ഈ വര്‍ഷങ്ങളിലെ പലിശ കൂടി അടച്ചാലെ കട വിമുക്ത സര്‍ട്ടിഫിക്കറ്റ് ബോങ്കുകള്‍ കൊടുക്കൂ. കടബാധ്യത മൂലം ഭൂമി വിറ്റ് അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രമാണം തിരികെ ലഭിക്കാനും ഈ ബാധ്യത തീര്‍ക്കേണ്ടിവരുന്നു.
വിദ്യാഭ്യാസ ആവശ്യത്തിന് 2000 മുതല്‍ വായ്പ എടുത്തിട്ടുള്ള മുഴുവന്‍ വിദ്യാര്‍ഥികളുടെയും വായ്പകള്‍ എഴുതി തള്ളണമെന്നാണ് എജ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യഭ്യാസ വായ്പ എടുത്ത് നഴ്‌സിംഗ്, എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും പ്രതീക്ഷിച്ച ശമ്പളമോ ജോലിയോ ലഭിച്ചിട്ടില്ല. എന്നാല്‍ വായ്പയുടെ പലിശയും കൂട്ടു പലിശയും അടക്കം ഭീമമായ തുക അടക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
വായ്പ തിരിച്ചു പിടിക്കുന്നതിനായി ബേങ്കുകള്‍ റവന്യൂ റിക്കവറി നോട്ടീസുകളും വക്കീല്‍ നോട്ടീസുകളും അയക്കുകയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ ബാധ്യത ഒരളവ് വരെ ആശ്വാസമായിരുന്നു. എന്നാല്‍ അതുകൂടി മുടങ്ങിയതോടെ പലരും കടുത്ത ആശങ്കയിലാണ്.

 

Latest