Connect with us

Kerala

കേരളം സമ്പൂര്‍ണ ആധാര്‍ സംസ്ഥാനമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ആധാര്‍ രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തില്‍. അവശേഷിക്കുന്നവരെ കൂടി എന്റോള്‍ ചെയ്യിപ്പിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ ആധാര്‍ അധിഷ്ഠിത സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐ ടി മിഷന്‍ ഊര്‍ജിതമാക്കി.

90 ശതമാനം പേരും ആധാറിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25 ലക്ഷം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിനു വേണ്ടി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു ഐ ഡി ഐ)യാണ് പന്ത്രണ്ട് അക്കങ്ങളുള്ള ആധാര്‍ വ്യക്തിഗത കാര്‍ഡ് വിതരണം ചെയ്യുന്നത്. രാജ്യത്തെവിടെയും സാധ്യതയുള്ള തിരിച്ചറിയല്‍ കാര്‍ഡാണിത്.
ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ ഏതൊരാള്‍ക്കും പ്രായ, ലിംഗ ഭേദമന്യേ ആധാറിന് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമെ ആധാറിന് എന്റോള്‍ ചെയ്യാന്‍ സാധിക്കൂ. ജീവിതാവസാനം വരെയും ഒരു ആധാര്‍ നമ്പര്‍ മാത്രമായിരിക്കും ലഭിക്കുക.
ഗ്യാസ് കണക്ഷന്‍ മുതലായ അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയും ഉടന്‍ ആധാര്‍ അധിഷ്ഠിതമാക്കും.
ആധാര്‍ നമ്പര്‍ ലഭിച്ചു കഴിഞ്ഞവര്‍ക്ക് നല്‍കിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും പുതുതായി ആധാറിന് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രാദേശിക തലത്തില്‍ സ്ഥിരമായ എന്റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേഷന്‍ സെന്റര്‍ സജ്ജീകരിക്കുന്നതിനും ഐ ടി മിഷന്‍ നടപടി സ്വീകരിച്ചു.
രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായവരെ ആധാറിന് കീഴില്‍ കൊണ്ടുവരുന്നതിന് എറണാകുളം ജില്ലയില്‍ ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. എന്റോള്‍മെന്റിനു ശേഷം ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുവെന്ന പരാതിക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
എന്റോള്‍മെന്റ് കഴിഞ്ഞവര്‍ക്ക് കാര്‍ഡുകള്‍ തപാലില്‍ ലഭിക്കുന്നതിന് മുമ്പായി ഇ-ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് യു ഐ ഡി എ ഐ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ-ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് www.uidai.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റസിഡന്റ് പോര്‍ട്ടല്‍ എന്ന ലിങ്കിലേക്ക് എന്റോള്‍മെന്റ് നമ്പര്‍, തീയതി, സമയം തുടങ്ങിയ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ഇ-ആധാര്‍ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.
ആധാര്‍ കാര്‍ഡിന് തുല്യമായ നിയമ സാധുത ഇ-ആധാറിന് ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്ന പരാതി പൂര്‍ണമായും ഒഴിവാക്കുന്നതിന് ഇ-ആധാര്‍ സംവിധാനത്തിന് കഴിയും. സംസ്ഥാന ഐ ടി വകുപ്പാണ് രജിസ്ട്രാര്‍ ആയി പ്രവര്‍ത്തിക്കുന്നത്.
അക്ഷയ കേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍ എന്നിവയാണ് ആധാര്‍ എേേന്റാള്‍മെന്റിനായി ഐ ടി മിഷന്‍ നിയോഗിച്ചിരിക്കുന്ന ഏജന്‍സികള്‍. സംസ്ഥാനത്ത് എഴുനൂറോളം കേന്ദ്രങ്ങളിലാണ് ആധാര്‍ രജിസട്രേഷന് സൗകര്യമുള്ളത്.
ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1800 4251 1800 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍ സെന്റര്‍ 0471 155300, 2474277 എന്നീ നമ്പരുകള്‍ വഴിയും ആധാര്‍ എന്റോള്‍മെന്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും.

---- facebook comment plugin here -----

Latest