രിസാല കാമ്പയിന്‍ 31ന് സമാപിക്കും

Posted on: May 16, 2013 8:40 pm | Last updated: May 16, 2013 at 8:45 pm
SHARE

ദുബൈ: ‘വായിക്കുക അതിജയിക്കാന്‍’ എന്ന പ്രമേയത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന്‍ ഈ മാസം 31ന് മീഡിയ സെമിനാറോടെ സമാപിക്കും. ഗള്‍ഫില്‍ ഏറ്റവും പ്രചാരവും പ്രവാസികളുടെ സാമൂഹിക-സാംസ്‌കാരിക ഇടങ്ങളില്‍ സ്വാധീനവും ഉറപ്പിച്ച പ്രവാസി രിസാല കൂടുതല്‍ മലയാളികളിലേക്ക് എത്തിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യൂനിറ്റ്, സെക്ടര്‍ തലങ്ങളിലെ രിസാല ദിനം, കൂട്ടയിറക്കം എന്നിവക്ക് ശേഷം സോണ്‍ തലങ്ങളില്‍ ഈ ആഴ്ച വിചിന്തനം നടക്കും. വിവിധ ഘടകങ്ങളില്‍ രൂപവത്കരിച്ച രിസാല സമിതിയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. യൂനിറ്റ് കമ്മിറ്റികള്‍ക്ക് കീഴിലുള്ള രിസാല സ്‌ക്വാഡ് അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ നേരില്‍കണ്ട് രിസാലക്ക് വരിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-വ്യവസായ രംഗത്തെ പ്രമുഖരെ രിസാലക്ക് വരിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്നു.
കാമ്പയിന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യു എ ഇയില്‍ എത്തിയ എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂരിന്റെ സോണ്‍ സന്ദര്‍ശനം അവസാനിക്കുന്നതോടെ കാമ്പയിന്‍ അവസാന ഘട്ടത്തിലേക്ക് കടക്കും. ഈ മാസം 31ന് ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന സമാപന സംഗമത്തോടെ കാമ്പയിന്‍ സമാപിക്കും. സംഗമത്തില്‍ ‘പ്രവാസ വായനയും മാധ്യമ സമീപനങ്ങളും’ എന്ന വിഷയത്തില്‍ മീഡിയ സെമിനാറും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here