ഭക്ഷ്യധാന്യ സംഭരണശേഷി ആറ് ലക്ഷം ടണ്ണായി ഉയര്‍ത്തുക ലക്ഷ്യം: മന്ത്രി കെ വി തോമസ്

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 10:50 pm
SHARE

kv thomas1കല്‍പ്പറ്റ: പന്ത്രണ്ടാം പദ്ധതി കാലയളവില്‍ കേരളത്തിന്റെ ഭക്ഷ്യധാന്യ സംഭരണശേഷി നിലവിലുള്ള 5.13 ലക്ഷം ടണ്ണില്‍ നിന്നും ആറ് ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ സഹമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. വയനാട് ജില്ലയിലെ മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണ്‍ അങ്കണത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 5000 ടണ്‍ശേഷിയുള്ള സംഭരണശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ മുഖേന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചതായി പ്രഖ്യാപിച്ചത്.
ഇന്ന് ഒരു സാമൂഹിക ഉത്തരവാദിത്വം എന്ന നിലയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ ഭക്ഷ്യധാന്യ സംഭരണ വിതരണ രംഗങ്ങളില്‍ ഇടപെടുന്നത്. ഭക്ഷ്യസുരക്ഷാ നിയമം യാഥാര്‍ഥ്യമാകുന്നതോടെ ഭക്ഷ്യ ലഭ്യത ഇന്ത്യന്‍ പൗരന്റെ ജന്മാവകാശമാവും. ഓരോ വ്യക്തിക്കും പ്രതിമാസം കുറഞ്ഞത് അഞ്ച് കിലോയെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഭക്ഷ്യധാന്യ സംഭരണ സംവിധാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ബൃഹത്തായ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടും 25000 ടണ്‍ വീതം ശേഷിയുള്ള രണ്ട് സൈലോഡ് സംഭരണികള്‍ (കുത്തനെയുള്ള സംഭരണി) സ്ഥാപിക്കുന്നുണ്ട്. പബ്ലിക് – പ്രൈവറ്റ് സഹകരണാടിസ്ഥാനത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ 25000 ടണ്‍ തന്നെ ശേഷിയുള്ള റെയില്‍വേ ഗോഡൗണും സ്ഥാപിക്കുന്നുണ്ട്. ആലപ്പുഴയില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 8000 ടണ്‍ശേഷിയുള്ള സംഭരണി സ്ഥാപിക്കുന്നുണ്ട്. അറക്കുളത്തും മീനങ്ങാടിയിലും നിര്‍മ്മിക്കുന്ന 5000 ടണ്‍വീതം ശേഷിയുള്ള സംഭരണികളും ഇതിന്റെ ഭാഗമാണ്.
നിലവില്‍ 5000 ടണ്ണാണ് മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണിന്റെ സംഭരണശേഷി. 1998 ലാണ് ഇത് സ്ഥാപിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ 5000 ടണ്‍കൂടി ശേഷിയുള്ള പുതിയ ഗോഡൗണിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്കാണ് ഇപ്പോള്‍ തുടക്കമാകുന്നത്. എട്ട് മാസം കൊണ്ട് പുതിയ ഗോഡൗണിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും 2014 ജനുവരിയില്‍ ഇത് പ്രവര്‍ത്തനക്ഷമമാകും. അതോടെ നാലു മാസത്തേക്കു കൂടി ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വെക്കാന്‍ ജില്ലയില്‍ സൗകര്യമുണ്ടാവും. സൗരോര്‍ജ്ജ ഉപയോഗം, മഴവെള്ള സംഭരണി, താപനിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ പുതിയ ഗോഡൗണിന്റെ പ്രതേ്യകതകളാണെന്നും മന്ത്രി പറഞ്ഞു. 3.74 കോടി രൂപയാണ് നിര്‍മ്മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്.
ജില്ലാഭരണകൂടം മുന്‍കൈയെടുത്താല്‍ താലൂക്ക് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും ചെറിയ ഗോഡൗണുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിക്കാന്‍ തയ്യാറാണെന്നും മന്ത്രി കെ.വി. തോമസ് പറഞ്ഞു.
ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തിന് കേന്ദ്രം മുന്തിയ പരിഗണനയാണ് നല്‍കുന്നത്. 2009 മുതലുള്ള കാലയളവില്‍ കേരളത്തിന് 13.7 ലക്ഷം ടണ്‍ ഭക്ഷ്യധാനം അധികമായി അനുവദിക്കുകയുണ്ടായി. ഇടക്കാലത്ത് അരിവില ഉയര്‍ന്നപ്പോള്‍ 1.5 ലക്ഷം ടണ്‍ കൂടുതലായി നല്‍കി. കേരളീയര്‍ക്ക് മാത്രം താല്‍പ്പര്യമുള്ള ജയ, മട്ട തുടങ്ങിയ ഇനം അരികള്‍ സംഭരിച്ച് കേരളത്തില്‍ എത്തിക്കാന്‍ പ്രതേ്യക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇതിനായി ഒരു മലയാളി ഉദേ്യാഗസ്ഥനെതന്നെ ഹൈദരബാദില്‍ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും കപ്പല്‍മാര്‍ഗ്ഗം കൊച്ചിയിലേക്ക് ഭക്ഷ്യധാനം എത്തിക്കുന്നതിനും പരിപാടിയുണ്ട്. ഇത് പണചെലവും കാലതാമസവും കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായം ബൃഹത്തായി പരിഷ്‌കരിക്കുന്നതിനും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും 884 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തിലെ റേഷന്‍ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്ന പദ്ധതിയുടെ അമ്പത് ശതമാനം ചെലവ് കേന്ദ്രം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.പൊതുവിതരണമേഖല മെച്ചപ്പെടുത്താന്‍ കേന്ദ്രം നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേരളത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഓണ്‍ലൈനില്‍ ഉദ്ഘാടന ചടങ്ങ് നടത്തി സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ മന്ത്രി പി.കെ.ജയലക്ഷ്മി, എം.പി. എം.ഐ. ഷാനവാസ്, എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശശി, സു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബീനാവിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഫ്.സി.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ദിനേഷ്‌കുമാര്‍ സ്വാഗതവും സുധീര്‍സിംഗ് നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here