നാല് ജയിലുകളില്‍ കൂടി ഇനി ഹൈടെക് ചികിത്സ

Posted on: May 13, 2013 7:29 am | Last updated: May 13, 2013 at 11:41 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജയിലുകളില്‍ കൂടി ഇനി മുതല്‍ ഹൈടെക് ചികിത്സ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരീക്ഷിച്ച് വിജയിച്ച ടെലിമെഡിസിന്‍ മറ്റു നാല് ജയിലുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. രോഗനിര്‍ണയവും ചികിത്സയുമെല്ലാം ജയിലുകളില്‍ തന്നെ ലഭ്യമാകുമെന്നതാണ് ടെലിമെഡിസിന്റെ പ്രത്യേകത. ജയില്‍ അന്തേവാസികളെ വന്‍തുക ചെലവാക്കി പോലീസ് എസ്‌കോര്‍ട്ടോടെ ആശുപത്രികളില്‍ എത്തിക്കാനുണ്ടാകുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ സി-ഡാക്ക് ടെലിമെഡിസിന്‍ സംബന്ധിച്ച് സാധ്യതാ പഠനം നടത്തി. സോഫ്റ്റ് വെയര്‍, ആശയവിനിമയ സംവിധാനം, ഇ സി ജി, ടെലി റേഡിയോളജി തുടങ്ങിയ ചികിത്സാ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് ടെലി മെഡിസിന്‍. രോഗലക്ഷണങ്ങള്‍ കണ്ടെത്തി ആരോഗ്യ വിദഗ്ധരിലൂടെ രോഗം നിര്‍ണയിച്ച് ചികിത്സ തേടാന്‍ ഇതിലൂടെ സാധിക്കും.
ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ രോഗ വിവരങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് അയച്ചുകൊടുക്കും. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിദഗ്ധര്‍ രോഗം നിര്‍ണയിച്ച് ചികിത്സ നിര്‍ദേശിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ തെറാപ്പിയും മറ്റും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രം ഇവരെ ആശുപത്രികളിലെത്തിച്ചാല്‍ മതിയാകും. അല്ലാത്ത സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചികിത്സ തുടരാം.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ സി-ഡാക്ക് ഇതു സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ട്. മീഡിയാ ലാബ് ഏഷ്യ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയുടെ സഹായത്തോടെയാണ് സി-ഡാക്ക് എന്ന ടെലിമെഡിസിന്‍ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജയില്‍ അന്തേവാസികളില്‍ കൂടുതല്‍ പേരും മനോരോഗത്തിനാണ് ചികിത്സ തേടാറുള്ളത്. രണ്ടാമതായി ഓര്‍ത്തോപീഡിക്‌സിനാണ് ചികിത്സിക്കുന്നത്. രോഗം തിരിച്ചറിയാനും റേഡിയോഗ്രാഫിക്കുമായും നിരവധിപേരെ ആശുപത്രികളില്‍ എത്തിക്കേണ്ടിവരാറുണ്ട്. പോലീസ് കാവലോടു കൂടി ഓരോ പ്രാവശ്യവും രോഗം ബാധിച്ചവരെ ആശുപത്രികളിലെത്തിക്കുന്നത് വലിയ ചെലവാണുണ്ടാക്കുന്നത്.
ആശുപത്രി യാത്രയില്‍ ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായതിനാല്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. പലപ്പോഴും എസ്‌കോര്‍ട്ടിന് ആവശ്യത്തിന് പോലീസുകാരും ഉണ്ടാകാറില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും എന്നതും ടെലിമെഡിസിന്റെ പ്രത്യേകതയാണ്. ആറ് മാസം മുമ്പാണ് കണ്ണൂര്‍ ജയിലില്‍ ടെലി മെഡിസിന്‍ ആരംഭിച്ചത്.
ചെലവ് കുറക്കാന്‍ സഹായിക്കും എന്നതാണ് ഇതിന്റെ പ്രധാന മേന്മ. ആഴ്ചതോറും 100 പേരോളമാണ് ടെലിമെഡിസിനിലൂടെ ചികിത്സക്ക് വിധേയരാകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ഇവര്‍ക്ക് ചികിത്സ നിര്‍ദേശിക്കുന്നത്. മാനസികാസ്വാസ്ഥ്യത്തിനുള്‍പ്പെടെയുള്ള ചികിത്സ ഇതിലൂടെയാണ് നിര്‍ദേശിക്കുക. ആറ് മാസത്തിനിടെ കണ്ണൂര്‍ ജയിലില്‍ ആയിരത്തോളം പേരാണ് പദ്ധതിയിലൂടെ ചികിത്സ തേടിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here