Connect with us

Editors Pick

ഹൈടെക് കൃഷി രീതിയില്‍ വിജയഗാഥ രചിച്ച് ഭാരതഭൂഷണ്‍

Published

|

Last Updated

കൊല്ലം:ഹൈടെക് കൃഷി രീതി കൊല്ലം ജില്ലയിലെ പെരുമണില്‍ വിജയകരമായി നടത്തി ശ്രദ്ധേയനാകുകയാണ് ഭാരതഭൂഷണ്‍. തണുപ്പ് നിറഞ്ഞ ഹൈടെക്ക് കൂടാരത്തില്‍കക്കിരി വിളകള്‍ നിറയെ വിളഞ്ഞു കിടക്കുന്നത് കണ്ണിന് വിസ്മയമായി മാറുന്നു. പോളിഹൗസ് രീതിയിലാണ് കക്കിരിത്തോട്ടം തയ്യാറാക്കിയിരിക്കുന്നത്.

കീടനാശിനിവിമുക്തവും ഉന്നത ഗുണമേന്മയുള്ളതുമായ പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കി സംസ്ഥാന കൃഷി വകുപ്പ്, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ ആവിഷ്‌കരിച്ച ഹൈടെക് ഫാമിംഗ് പദ്ധതി വന്‍ വിജയമായി. പോളിഹൗസ് പച്ചക്കറി കൃഷിക്കും പ്രിസിഷന്‍ ഫാമിംഗിനും വന്‍ വിജയമാകുകയാണ് ഭാരതഭൂഷന്റെ കൃഷിയിടം. കാലാവസ്ഥയെ ആശ്രയിച്ച് കൃഷി ചെയ്യുക, കീടനാശിനി ശല്യം, പ്രകൃതിവിരുദ്ധമോ അല്ലാത്തതോ ആയ കീടനാശിനികളുടെ പ്രയോഗം, ജല ദൗര്‍ലഭ്യം എന്നിവ പരമ്പരാഗത കൃഷി രീതിയുടെ പരിമിതികളാണെങ്കില്‍ ഇതിനെയൊക്കെ അതിജീവിക്കുന്നതാണ് ഹൈടെക് കൃഷിരീതി. ഏതു കാലാവസ്ഥയിലും പോളിഹൗസുകളില്‍ കൃഷി ചെയ്യാം. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്ന പോളിഫിലിം ഷീറ്റാണ് പോളിഹൗസിന്റെ മേല്‍ക്കൂരയായി ഉപയോഗിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ചെടിയില്‍ നേരിട്ട് പതിക്കാത്തതിനാല്‍ ഉത്പാദന ശേഷിയും ഔഷധ ഗുണവും വര്‍ധിക്കുന്നു.
പോളിഹൗസിന്റെ നാല് വശങ്ങളിലും ചെറിയ കീടങ്ങള്‍ക്കു പോലും ഉള്ളിലേക്ക് പ്രവേശിക്കാന്‍ പറ്റാത്ത തരത്തില്‍ കൊതുകുവല ഉപയോഗിച്ചിരിക്കുന്നതിനാല്‍ കീടനാശിനിവിമുക്തമാണ് പോളിഹൗസ് കൃഷിരീതി. സങ്കരയിനം വിത്തുകളാണ് ഉപയോഗിക്കുന്നത്. എല്ലാ വിത്തുകളും ഫലം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോളിഹൗസ് നിര്‍മാണ രീതി ചെലവേറിയതാണ്. സര്‍ക്കാറില്‍ നിന്നുള്ള സബ്‌സിഡി ആശ്വാസമായി. മൂന്ന് മാസമാകുന്നതിന് മുമ്പ് തന്നെ വിളവെടുത്ത് തുടങ്ങാം. ജലലഭ്യത കുറവാണെങ്കിലും ഡ്രിപ് ഇറിഗേഷനിലൂടെ ആവശ്യത്തിന് ജലലഭ്യത ഉറപ്പാക്കി പരമാവധി വിളവെടുക്കാന്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ കഴിയും.
തുറസ്സായ സ്ഥാലത്ത് ഈ രീതിയിലൂടെ ലാഭകരമായി കൃഷി ചെയ്യാന്‍ കഴിയുമെന്ന് വിളഞ്ഞുകിടക്കുന്ന പയര്‍വിളകള്‍ തെളിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ പദ്ധതിക്ക് കൃഷിഭവന്റെ എല്ലാ പിന്തുണയും പ്രോത്സാഹനവുമുണ്ട്. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ നിന്ന് ഹൈടെക് കൂടാരത്തിലെ തണുപ്പില്‍ ഒരു കര്‍ഷകനായി തീര്‍ന്നതിന്റെ ആഹഌദത്തിലാണ് ഭാരതഭൂഷണ്‍. പ്രവാസികളും അല്ലാത്തവരുമായ മലയാളികള്‍ക്ക് മാതൃകയും പ്രചോദനവുമാണ് കൈതാക്കോടിയില്‍ വിളഞ്ഞുകിടക്കുന്ന കക്കിരിയും പയറും.

Latest