പാസ്‌പോര്‍ട്ട്, വിസ കാലാവധി അറിയിക്കാന്‍ എസ് എം എസ്

Posted on: May 6, 2013 9:08 pm | Last updated: May 6, 2013 at 9:10 pm
SHARE

smsഅബുദാബി: സ്വദേശികളുടെയും വിദേശികളുടെയും പാസ്‌പോര്‍ട്ട്, വിസ കാലാവധി തീരാറായെന്ന് അറിയിക്കാന്‍ എസ് എം എസ് സംവിധാനവുമായി അബുദാബി താമസ-കുടിയേറ്റ വകുപ്പ്. പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് കാലാവധിക്കൊപ്പം വിസ അവസാനിക്കാറായെന്ന സന്ദേശവും ലഭിക്കും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ഡയറക്ടറേറ്റ് ഓഫ് നാച്ച്വറലൈസേഷനും യോജിച്ചാണ് ഇന്നു മുതല്‍ ഇത്തരം ഒരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാസ്‌പോര്‍ട്ടും വിസയും സമയാസമയം പുതുക്കാന്‍ സംവിധാനം ഉപകാരപ്പെടും. ഇതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന നിയമ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനും പദ്ധതി സഹായിക്കും.
ആധുനിക സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി സമൂഹവുമായി മികച്ച രീതിയില്‍ വിനിമയം സാധ്യമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങളോട് മികച്ച രീതിയില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. വിവിധ തരത്തിലുള്ള വിഷ്വല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും വെബ് സൈറ്റുകളും ഉപയോഗപ്പെടുത്തിയാവും ഈ സേവനം നടപ്പാക്കുക.
യാത്രാ സംബന്ധമായി പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാവരും പതിവായി പാസ്‌പോര്‍ട്ട് കാലാവധിയും വിസ കാലാവധിയും പരിശോധിക്കേണ്ടതാണെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.