ഇബ്‌റാഹീമി സിറിയന്‍ ദൗത്യം അവസാനിപ്പിക്കുന്നു

Posted on: May 6, 2013 2:15 pm | Last updated: May 6, 2013 at 2:15 pm
SHARE

യു എന്‍: സിറിയന്‍ ദൗത്യത്തില്‍ നിന്ന് യു എന്‍ – അറബ് ലീഗ് പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമി പിന്‍മാറുന്നു. സിറിയയിലെ വിമത പ്രക്ഷോഭം ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും തലസ്ഥാനമായ ദമസ്‌കസില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇബ്‌റാഹീമിയുടെ തന്ത്രപരമായ പിന്‍വലിയല്‍ എന്നത് ശ്രദ്ധേയമാണ്. എട്ട് മാസത്തോളം നയതന്ത്ര പ്രതിനിധിയായിരുന്നിട്ടും സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ കാര്യമായൊന്നും ഇബ്‌റാഹീമിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. യു എന്‍ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍ യു എന്‍ പ്രതിനിധി സ്ഥാനം കഴിഞ്ഞ ആഗസ്റ്റില്‍ ഒഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇബ്‌റാഹീമി സ്ഥാനം ഏറ്റെടുക്കുന്നത്.
സിറിയന്‍ വിഷയത്തില്‍ ബശര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന അറബ് ലീഗിന്റെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണയോട് കൂടെയായിരുന്നു അല്‍ജീരിയക്കാരനായ ഇബ്‌റാഹീമി സ്ഥാനം ഏറ്റെടുത്തത്. സിറിയന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരം നടത്താന്‍ ഏകപക്ഷീയമായ നിലപാടുകളാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന് സിറിയ ആരോപിച്ചിരുന്നു. വിമത പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഇബ്‌റാഹീമി സിറിയക്കെതിരായി യു എന്നില്‍ വോട്ട് ചെയ്യണമെന്നാവശ്യവുമായി റഷ്യയിലും ചൈനയിലും സന്ദര്‍ശനം നടത്തുക കൂടി ചെയ്തു. സിറിയയെ അനുകൂലിക്കുന്ന പ്രധാന ശക്തികളായ റഷ്യയെയും ചൈനയെയും സ്വാധീനിക്കാനുള്ള ഇബ്‌റാഹീമിയുടെ ശ്രമം സിറിയയെ ചൊടിപ്പിക്കുകയും ചെയ്തു.
അതേസമയം, സിറിയയിലേക്ക് സൈനിക ആക്രമണം നടത്താന്‍ ഇസ്‌റാഈലും അമേരിക്കയും തയ്യാറെടുത്ത സാഹചര്യത്തിലാണ് ഇബ്‌റാഹീമി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് യു എന്‍ വക്താവ് അറിയിച്ചു. അമേരിക്കയും ഇസ്‌റാഈലും സൈനിക ആക്രമണം നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയതായും യു എന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇബ്‌റാഹീമി സ്ഥാനം ഒഴിഞ്ഞാല്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് തത്സ്ഥാനത്തേക്ക് ഉടനെ മറ്റൊരു നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തേണ്ടി വരും. അല്ലെങ്കില്‍ മൂണ്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കേണ്ടി വരും. അതിനിടെ, വിമതരുടെ ആക്രമണത്തിന് പിന്നാലെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇസ്‌റാഈല്‍ നടത്തുന്ന വ്യോമാക്രമണം രൂക്ഷമായ പ്രതിസന്ധികള്‍ക്ക് കാരണമായേക്കും. സിറിയക്കു മേല്‍ മാരകായുധങ്ങളാണ് ഇസ്‌റാഈല്‍ പ്രയോഗിക്കുന്നത്. കൂടാതെ സമാനമായ വ്യോമാക്രമണങ്ങള്‍ ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. വ്യോമാക്രമണത്തെ ന്യായികരിക്കാന്‍ ഇസ്‌റാഈല്‍ മുന്നോട്ട് വെക്കുന്ന ആരോപണങ്ങളെ ശരിവെക്കുന്ന നിലപാടുകളാണ് സിറിയയിലെ വിമത, പ്രതിപക്ഷ നേതാക്കള്‍ സ്വീകരിക്കുന്നത്.