Connect with us

National

കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി: പോളിംഗ് 67%

Published

|

Last Updated

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 66.8 ശതമാനം പോളിംഗ് നടന്നതായാണ് പ്രാഥമിക വിവരം. ചുരുക്കം ചില അക്രമങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ ശാന്തമായിരുന്നു. എഴുപത് ലക്ഷം വോട്ടര്‍മാരുള്ള ബംഗളൂരുവില്‍ 45 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ പോളിംഗ് ഉച്ചയോടെയാണ് ശക്തമായത്.

കൊലാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അനുയായികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രി വര്‍ദൂര്‍ പ്രകാശും തമ്മില്‍ എറ്റുമുട്ടി. 122ാം നമ്പര്‍ ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് അനുയായികളാണ് ആക്രമണം നടത്തിയതെന്ന് ബി ജെ പി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടക്കന്‍ കര്‍ണാടകയിലെ ചില ഗ്രാമങ്ങള്‍ പോളിംഗ് ബഹിഷ്‌കരിച്ചു. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രദ്ധ ചെലുത്താത്തതില്‍ പ്രതിഷേധിച്ചാണ് പോളിംഗ് ബഹിഷ്‌കരിച്ചത്.

223 മണ്ഡലങ്ങളിലായി 2948 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയ്ത. 4.36 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭ്യര്‍ത്ഥനമാനിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ പോളിം് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്.

ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മൈസൂര്‍ ജില്ലയിലെ പെരിയപട്ടണം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈ മാസം 28ലേക്ക് മാറ്റിയിട്ടുണ്ട്. എട്ടാം തീയതിയാണ് ഫലപ്രഖ്യാപനം.

 

Latest