നിതാഖാത്: സംയുക്ത സമിതി ഡോ. ഹുമൈദാന്‍ നയിക്കും

Posted on: April 30, 2013 2:32 am | Last updated: April 30, 2013 at 2:32 am

ജിദ്ദ:നിതാഖാതുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്കുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപവത്കരിക്കുന്ന ഇന്തോ -സഊദി സംയുക്ത സമിതിയെ സഊദി തൊഴില്‍കാര്യ സഹമന്ത്രി ഡോ. അഹ്മദ് ഹുമൈദാന്‍ നയിക്കും. എംബസി പ്രതിനിധി സിബി ജോര്‍ജ് ഇന്ത്യയെ പ്രതിനിധാനം ചെയ്യും. സമിതിയിലെ മറ്റ് അംഗങ്ങള്‍ ആരൊക്കെയാണെന്ന് തീരുമാനമായിട്ടില്ല. അതേസമയം, ഇന്ത്യന്‍ സമൂഹത്തെ അടുത്തറിയുകയും ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തയ്യാറാകുകയും ചെയ്ത ഡോ. ഹുമൈദാന്‍ സമിതിയുടെ തലപ്പത്ത് വന്നത് സഊദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസത്തിന് വക നല്‍കുന്ന കാര്യമാണ്. പോയ വാരം കാന്തപുരവുമായുള്ള കൂടിക്കാഴ്ചയിലും ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു.

ഇന്തോ- സഊദി സംയുക്ത സമിതിയുടെ ആദ്യ യോഗം നാളെ റിയാദില്‍ ചേരും. രണ്ടാം യോഗം മെയ് ആദ്യവാരം ഡല്‍ഹിയില്‍ ചേരാനും മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി. സഊദി തൊഴില്‍ മന്ത്രിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും ഇ അഹ്മദും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 75 ലക്ഷത്തിലധികം വിദേശികള്‍ ജോലി ചെയ്യുന്ന സഊദിയില്‍ ഇനിയും വിദേശികള്‍ക്കുള്ള അവസരം ധാരാളമുണ്ടാകുമെന്ന് വയലാര്‍ രവി പറഞ്ഞു. ഒരു അന്യരാജ്യത്ത് ജീവിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും ഇവിടെ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഹുറൂബ് പ്രശ്‌നത്തിലകപ്പെട്ട് നാട്ടിലേക്കു പോകാനാകാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷനുള്ള അവസരമൊരുക്കിയപ്പോള്‍, ജിദ്ദ കോണ്‍സുലേറ്റില്‍ മാത്രം ഞായറാഴ്ച വരെ 9200 പേര്‍ രജിസ്റ്റര്‍ ചെയ്തതായി കോണ്‍സുല്‍ ജനറല്‍ ഫായിസ് അഹ്മദ് കിദ്വായ് അറിയിച്ചു. രജിസ്‌ട്രേഷന്‍ കേന്ദ്രം, കേന്ദ്ര മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
നിതാഖാത് നിയമം നടപ്പാക്കുന്ന കാര്യത്തില്‍ സഊദി അറേബ്യ ഏതെങ്കിലും തരത്തില്‍ പിറകോട്ടു പോകില്ലെന്നു തന്നെയാണ് ലഭിക്കുന്ന സൂചന. ജൂണ്‍ അവസാനത്തോടെ അവസാന തീയതി തീരുന്നതോടെ നിതാഖാത് കര്‍ശനമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് രാജ്യം.