മുന്നാക്കക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നു

Posted on: April 30, 2013 2:28 am | Last updated: April 30, 2013 at 2:28 am

തിരുവനന്തപുരം:സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റ ബേങ്ക് തയ്യാറാക്കുന്നു. മുന്നാക്ക സമുദായ വെല്‍ഫെയര്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഡേറ്റാ ബേങ്ക് തയ്യാറാക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. നിലവില്‍ യാതൊരു വിധ സംവരണങ്ങളും ലഭിക്കാത്ത മുന്നാക്ക സമുദായ അംഗങ്ങളെയായിരിക്കും ഡേറ്റാ ബേങ്കില്‍ ഉള്‍പ്പെടുത്തുക.

മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക സമുദായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കണമെന്ന ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്നാണ് ഡേറ്റാ ബേങ്ക് തയ്യാറാക്കുക എന്ന ആശയം ഉടലെടുത്തത്. ഭാവിയില്‍ മറ്റ് പദ്ധതികള്‍ക്കും ഡേറ്റാ ബേങ്ക് പ്രയോജനപ്പെടുത്തും. അടുത്ത പത്ത് വര്‍ഷത്തേക്ക് നടപ്പാക്കുന്ന പദ്ധതികളില്‍ മുന്നാക്ക സമുദായങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിന് ഇത് വളരെ സഹായകമായിരിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
എന്‍ ജി ഒകളുടെ കൂടി സഹായത്തോടെയാണ് ഡേറ്റാ ബേങ്ക് തയ്യാറാക്കുന്നത്. ഇതിനായുള്ള സര്‍വേയില്‍ സാമ്പത്തിക നില മാത്രമല്ല, സമുദായ അംഗങ്ങളുടെ വിദ്യാഭ്യാസ നിലവാരവും പരിശോധിക്കും. 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു പദ്ധതി ആദ്യമായതിനാല്‍ വളരെ സൂക്ഷ്മമായാണ് വിവരങ്ങള്‍ തയ്യാറാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് ബീഹാറില്‍ ഒരു അപ്പര്‍ കാസ്റ്റ് കമ്മീഷന്‍ ഉള്ളതൊഴിച്ചാല്‍ കേരളത്തില്‍ മാത്രമാണ് മുന്നാക്ക സമുദായങ്ങള്‍ക്കായി വെല്‍ഫെയര്‍ കോര്‍പറേഷന്‍ രൂപവത്കരിച്ചിട്ടുള്ളത്. കോര്‍പറേഷന്റെ മൂന്ന് റീജ്യനല്‍ സെന്ററുകള്‍കൂടി ഉടന്‍ ആരംഭിക്കും. കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
കോര്‍പറേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ പത്ത് കോടി നല്‍കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് എട്ട് കോടി ബജറ്റില്‍ വകയിരുത്തുകയായിരുന്നു. 18 കോടിയില്‍ അഞ്ച് കോടി കോര്‍പറേഷന്റെ തന്നെ ഓഹരി മൂലധനമാണ്. മൂന്ന് കോടി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി ചെലവഴിക്കേണ്ട തുക. മത്സര പരീക്ഷകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് ഒരു കോടി ഉപയോഗിക്കും. 50 ലക്ഷം ഡേറ്റാ ബാങ്കിന്റെ നിര്‍മാണത്തിനും 50 ലക്ഷം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണ്. ഇതു കൂടാതെ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഫീസിളവ് നല്‍കുന്നതിനായി അഞ്ച് കോടി രൂപയാണ് വേണ്ടത്. റീജ്യനല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി മൂന്ന് കോടിയാണ് ചെലവ് കണക്കാക്കുന്നത്.