Connect with us

Wayanad

സൂര്യോദയ ചിട്ടിക്കമ്പനി തട്ടിപ്പ്: മാനേജര്‍ റിമാന്‍ഡില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സൂര്യോദയ ചിട്ടികമ്പനി ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയ കേസില്‍ കമ്പനി മാനേജര്‍ ബിദര്‍ക്കാട് സ്വദേശി ബിനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച പത്ത് കോടിയോളം രൂപയുമായാണ് സ്വകാര്യ കമ്പനി ഉടമകള്‍ മുങ്ങിയിരുന്നത്. 25,000, 50,000, 1 ലക്ഷം തുടങ്ങിയ ചിട്ടി നടത്തി ജനങ്ങളില്‍ നിന്നും കോടികളാണ് ഇവര്‍ പിരിച്ചെടുത്തിരുന്നത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി പെട്ടെന്ന് പൊളിയുകയായിരുന്നു. പണവുമായി മുങ്ങിയ കേസില്‍ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ബിനുവിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഗൂഡല്ലൂര്‍ ശങ്കരന്‍ കോപ്ലക്‌സിലെ കമ്പനി ഓഫീസില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. കൂടുതല്‍ രേഖകകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സി ഐ പി കെ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിനുവിനെ പിടികൂടിയിരുന്നത്.

അതേസമയം ബിനുവിനെ പിടികൂടിയതറിഞ്ഞ് കൂടുതല്‍ നിക്ഷേകര്‍ ഊട്ടിയിലെ ജില്ലാ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫീസില്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കമ്പനിയുടെ എം ഡിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം എം ഡി കോയമ്പത്തൂരില്‍ പോലീസിന് കീഴടങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ജില്ലാ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ഇതുവരെ ഇതേകുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. 200ഓളം പേര്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നൂര്‍, മേട്ടുപാളയം, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയിരുന്ന മാനേജറെ പോലീസ് നടത്തിയ ഊര്‍ജിത തിരച്ചിലിനിടയിലാണ് പിടികൂടിയിരുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

 

Latest