Connect with us

Sports

മികച്ച താരം; യുവ താരം ബാലെക്ക് ഡബിള്‍

Published

|

Last Updated

ലണ്ടന്‍: ടോട്ടനം ഹോസ്പറിന്റെ മിഡ്ഫീല്‍ഡര്‍ ഗാരെത് ബാലെക്ക് ഇരട്ടപുരസ്‌കാരം. ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (പി എഫ് എ) യുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍, യംഗ് പ്ലെയര്‍ ഓഫ ദ ഇയര്‍ പുരസ്‌കാരങ്ങള്‍ വെയില്‍സിന്റെ ഇരുപത്തിമൂന്നുകാരനെ തേടിയെത്തി. ഒരേ സീസണില്‍ പി എഫ് എ മികച്ച താരവും യുവതാരവുമായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഗാരെത് ബാലെ. 1977ല്‍ ആന്‍ഡി ഗാരിയും 2007ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഇരട്ടപുരസ്‌കാരം നേടിയവര്‍. 2011 ലും ബാലെ മികച്ച താരത്തിനുള്ള പി എഫ് എ അവാര്‍ഡ് നേടിയിരുന്നു. ഇതോടെ, പ്ലെയര്‍ ഓഫ് ദ ഇയര്‍ രണ്ട് തവണ നേടിയ മാര്‍ക് ഹ്യൂസ്, അലന്‍ ഷിയറര്‍, തിയറി ഓന്റി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പമെത്തി ഗാരെത് ബാലെ.

പ്രീമിയര്‍ ലീഗ് സീസണില്‍ പത്തൊമ്പതു ഗോളുകളാണ് ബാലെ നേടിയത്. 25 ഗോളുകളുമായി ടോപ്‌സ്‌കോറര്‍ സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റോബിന്‍ വാന്‍ പഴ്‌സി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം വാന്‍ പഴ്‌സിയായിരുന്നു മികച്ച താരം. ഇത്തവണ, രണ്ടാം സ്ഥാനം നേടിയത് ലിവര്‍പൂളിന്റെ വിവാദ താരം ലൂയിസ് സുവാരസാണ്. ഇരുപത്തിമൂന്ന് ഗോളുകള്‍ നേടിയ ഉറുഗ്വെ സ്‌ട്രൈക്കര്‍ എതിര്‍താരത്തെ കടിച്ചതിന് പത്ത് മകത്സരങ്ങളില്‍ വിലക്ക് നേരിടുകയാണ്. ടോപ്‌സ്‌കോറര്‍ പുരസ്‌കാരം നേടാനുള്ള സുവാരസിന്റെ സാധ്യതകള്‍ അടഞ്ഞു. അവാര്‍ഡ് ചടങ്ങില്‍ സുവാരസിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ കൂവലുണ്ടായതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രീമിയര്‍ ലീഗിലും യൂറോപ ലീഗിലും ടോട്ടനംഹോസ്പറിന്റെ കുതിപ്പിന് കരുത്തേകിയതാണ് ബാലെയുടെ പ്രാധാന്യം. ഫ്രീകിക്ക് വൈദഗ്ധ്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടാണ് ടോട്ടനം കോച്ച് ആന്ദ്രെ വിലാസ് ബോസ് ബാലെയെ തുല്യപ്പെടുത്തിയത്. പറക്കും ബാലെ എന്ന് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന വെയില്‍സ് താരത്തിന്റെ പ്രതിഭയെ ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ വാനോളം പുകഴ്ത്തിയിരുന്നു.
യൂറോപ്യന്‍ സീസണിലെ തന്നെ മികച്ച താരം എന്നാണ് സിദാന്‍ ബാലെയെ പ്രശംസിച്ചത്. റയല്‍മാഡ്രിഡ് ടോട്ടനം മിഡ്ഫീല്‍ഡര്‍ക്കായി രംഗത്തുണ്ട്. അടുത്ത സീസണില്‍ ബാലെ റയലില്‍ കളിക്കുമെന്ന സൂചന ശക്തമാകുന്നത് സിദാന്റെ ഇടപെടലോടെയാണ്. റയലിന് മികച്ച കളിക്കാരെ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുക എന്ന ദൗത്യം സിദാനില്‍ നിക്ഷിപ്തമാണ്. 40 ദശലക്ഷം പൗണ്ടിന്റെ റെക്കോര്‍ഡ് കരാറായിരിക്കും ബാലെക്ക് ലഭിക്കുക എന്ന് റിപ്പോര്‍ട്ടുണ്ട്.