ദുബൈയില്‍ സൈക്കിള്‍ പാതകള്‍ വ്യാപകമാക്കുന്നു

Posted on: April 29, 2013 2:49 pm | Last updated: April 29, 2013 at 2:49 pm

ദുബൈ:ദുബൈയില്‍ വിവിധ ഭാഗങ്ങളില്‍ സൈക്കിള്‍ പാത നിര്‍മിക്കാന്‍ നാല് കോടി ദിര്‍ഹം ചെലവഴിക്കാന്‍ ആര്‍ ടി എ തീരുമാനിച്ചു. 11 താമസ കേന്ദ്രങ്ങളില്‍ 52 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുക. ഈ വര്‍ഷം പണി തുടങ്ങും. 2016ല്‍ പണി പൂര്‍ത്തിയാക്കും.

ഇതിനായി ബൃഹത്തായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് സൈക്കിള്‍ പാതകള്‍ നിര്‍മിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും സൗകര്യം ചെയ്യും.
അല്‍ ബര്‍ഷ, ഖവാനീജ്, വര്‍ഖ, അല്‍ഖൂസ്, സഫൂ, മംസാര്‍, മുശ്‌രിഫ്, ഹോര്‍ അല്‍ അന്‍സ്, മിര്‍ദിഫ് എന്നിവിടങ്ങളിലായാ ണ് സൈക്കിള്‍ പാത നിര്‍മിക്കുക. ഇതിനെ മെട്രോ, ബസ് സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കും.
2008ല്‍ തന്നെ സൈക്കിള്‍ പാതകള്‍ വിഭാവനം ചെയ്തിരുന്നു. ചില സ്ഥലങ്ങളില്‍ പരീക്ഷണാര്‍ഥം നിര്‍മാണം നടത്തി. ജുമൈര റോഡില്‍ 25 കിലോമീറ്ററിലാണ് പണിതത്. മിസര്‍, മംസാര്‍ പാര്‍ക്കുകളിലും സൈക്കിള്‍ പാത ഏര്‍പ്പെടുത്തി. സീഹ് അസലാമില്‍ 75 കിലോമീറ്റര്‍ സൈക്കഌംഗ് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
ശൈഖ് സായിദ് റോഡില്‍ നാല് മെട്രോ വഴിയില്‍ പാത നിര്‍മിക്കുമെന്നും മത്താര്‍ അല്‍ തായര്‍ അറിയിച്ചു.