വനഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിനെതിരെ വനം വകുപ്പ് നടപടി തുടങ്ങി

Posted on: April 29, 2013 2:18 pm | Last updated: April 29, 2013 at 2:18 pm

പാലക്കാട്: മലമ്പുഴ അകമലവാരത്ത് വനഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടപടി തുടങ്ങി. അകമലവാരത്തെ ആയിരം ഏക്കര്‍ ഭൂമിയിലെ 200 ഏക്കര്‍ വനഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയെന്ന കേസ് നിലവിലുള്ളത്. ഈ കേസിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധ പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയാണുണ്ടായത്. ഇതുപ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. 1907 ല്‍ കോഴിക്കോട്ടുള്ള രാജവംശ പരമ്പരയാണ് ‘ഭൂമി പാട്ടത്തിന് ഏറ്റെടുത്തത്. 99 വര്‍ഷത്തേക്കായിരുന്നു പാട്ടക്കരാര്‍. ഇത് പ്രകാരം പാട്ടക്കരാര്‍പുതുക്കേണ്ട വര്‍ഷങ്ങളില്‍ യഥാക്രമം ഇത് നടന്നില്ല. 66ന് ശേഷം പാട്ടക്കരാര്‍ പുതുക്കിയില്ല. തുടര്‍ന്ന് 97 ല്‍ വനംവകുപ്പ് നടപടിയാരംഭിച്ചു. ഇതിന് പുറമെ നാച്ച്വര്‍ ലൗവ്‌സ് മൂവ് മെന്റ് എന്ന സംഘടന ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കി. ഈ കേസില്‍ 2007 ലാണ് ഉത്തരവ് വന്നത്. ‘ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചായിരുന്നു ഉത്തരവ്. അതേസമയം സ്വകാര്യവ്യക്തികള്‍ ഫയല്‍ചെയ്ത കേസ് പ്രകാരം പാട്ടക്കരാര്‍ ഒഴിവാക്കി 10 കോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. —ഇതില്‍ കൃത്യമായ നടപടികളായിട്ടില്ല.—കേസിലുള്ള ആയിരം ഏക്കറിലുള്ള ഭൂമിയില്‍ നിരവധി എസ്‌റ്റേറ്റുകളാണ് നിലവിലുള്ളത്. സ്വകാര്യവ്യക്തികളുടെ നഷ്ട പരിഹാര തുകയില്‍ എസ്റ്റേറ്റിലെ ചെറിയ മരങ്ങള്‍ക്ക് പോലും വന്‍തുക ഈടാക്കിയിരുന്നതായി വനംവകുപ്പ് പറയുന്നു. കരാര്‍പ്രകാരം എസ്റ്റേറ്റിലെ മരങ്ങള്‍ മുറിച്ച് എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ഈ നിയമം സ്വകാര്യവ്യക്തികള്‍ അട്ടിമറിച്ചതായാണ് വനംവകുപ്പ് പറയുന്നത്. ഏതായാലും ഈ ഭൂമിയിലുള്‍പ്പടെ 67 കേസുകള്‍ നിലവില്‍ കോടതിയിലുണ്ട്. സ്ഥലത്തെ മറ്റൊരു പ്രധാന 1300 ഏക്കര്‍ ഭൂമി വനംവകുപ്പ് നിയമനടപടികളിലൂടെ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.——200 ഏക്കര്‍ ഭൂമിയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വനംവകുപ്പ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നടപടികള്‍ തുടങ്ങി. പാട്ടക്കരാര്‍ സംബന്ധിച്ചും നിലവിലുള്ള കേസുകളുടെ വിധപകര്‍പ്പുകളും സംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരികയാണ് തങ്ങളെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.