സമര സാഗരം, ചരിത്ര സാക്ഷ്യം

Posted on: April 29, 2013 12:49 am | Last updated: April 29, 2013 at 10:51 am

1

കൊച്ചി: ഇരമ്പിയാര്‍ത്തുവന്ന ജനസഞ്ചയം സാക്ഷിയായ മഹാസംഗമത്തോടെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. കൊച്ചി നഗരത്തെ വീര്‍പ്പുമുട്ടിച്ച കൂറ്റന്‍ വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും സുന്നി കൈരളിയുടെ അതുല്യമായ ചരിത്രത്തിലേക്ക് പുതിയൊരേട് സമ്മാനിച്ചു. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സമാപന സമ്മേളനത്തില്‍ അതിഥികളായത്. സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ രിസാല സ്‌ക്വയര്‍ ജന നിബിഡമായി. സമര ജീവിതത്തിന്റെ ഉജ്ജ്വലതയില്‍ രൂപം കൊണ്ട യൗവനം അറിവിനെ സമരായുധമാക്കി കര്‍മപഥത്തില്‍ മുന്നേറുമെന്ന് പ്രഖ്യാപിച്ചു. സംഹാരാത്മക വികസനത്തിനും അഴിമതിക്കും വര്‍ഗീയതക്കും ആദര്‍ശ, വിശ്വാസ ചൂഷണങ്ങള്‍ക്കുമെതിരായ പുതിയൊരു സമര സംസ്‌കാരമായി സമ്മേളനം മാറി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക സാന്നിധ്യമായി മാറുമെന്ന് ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുത്തു.

പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. അസം നഗര വികസന മന്ത്രി സിദ്ദീഖ് അഹ്മദ്, ഡോ. അലിയ്യുല്‍ ഹാശിമി (യു എ ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് (യു എ ഇ), സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹാജി മുഹമ്മദ് നഈസ് മലേഷ്യ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
വൈകീട്ട് നാലോടെ ഇടപ്പള്ളിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നും മത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. 428 സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂനിഫോം ധാരികളായ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി. സംസ്ഥാന നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുല്‍ റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുല്‍ റശീദ് നരിക്കോട് റാലിക്ക് നേതൃത്വം നല്‍കി. ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നാരംഭിച്ച റാലി ദേശീയ പാതയിലൂടെയാണ് സ്റ്റേഡിയം ഗ്രൗണ്ടിലേക്കെത്തിയത്. സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പ്പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘകൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം സ്വാഗതവും കെ ഐ ബഷീര്‍ നന്ദിയും പറഞ്ഞു.