Connect with us

Articles

ചരിത്രം രസിക്കാനുള്ളതല്ല

ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പൊതുവിഷയങ്ങളില്‍ എത്രത്തോളം ഇടപെടാമെന്ന ചോദ്യത്തെ അപ്രസക്തമാക്കി ജനങ്ങളുമായി ബന്ധപ്പെട്ടതെന്തും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കാരണം ഇസ്‌ലാം വിഷയപരിമിതികളില്‍ തളച്ചിടപ്പെട്ട പ്രത്യയ ശാസ്ത്രമല്ല. ആരാധനകളെയും അനുഷ്ഠാനങ്ങളെയും മാത്രമല്ല അത് പ്രതിപാദിക്കുന്നത്. ശാസ്ത്രവും സാഹിത്യവും രാഷ്ട്രീയവും പരിസ്ഥിതിയുമൊന്നും ഇസ്‌ലാമിന് അന്യമല്ല. ആകയാല്‍ തികഞ്ഞ മതബോധത്തില്‍ നിന്നുകൊണ്ടു തന്നെ കേരളത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്താന്‍ എസ് എസ് എഫിനു കഴിയുന്നുണ്ട്.

മരജീവിതത്തിന്റെ സാര്‍ഥകമായ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എസ് എസ് എഫ് എറണാകുളത്ത് രിസാല സ്‌ക്വയറില്‍ പുതിയ ചരിത്രം തീര്‍ക്കുകയാണ്. പോരാട്ട സ്മൃതികളില്‍ നിന്ന് ഉണര്‍വിന്റെ പുതിയ ഊര്‍ജം സ്വീകരിച്ച്, ആത്മീയതയെ കാലത്തെ തിരുത്താനുള്ള കരുത്തായി ഉപയോഗപ്പെടുത്തിയാണ് എസ് എസ് എഫ് കേരളത്തിന്റെ ധാര്‍മിക പ്രസ്ഥാനമായത്. ചരിത്രം കേട്ടു രസിക്കാനുള്ളതല്ലെന്നും ചരിത്രപുരുഷന്മാര്‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രം സ്മരിക്കപ്പെടേണ്ടവരല്ലെന്നും എസ് എസ് എഫ് വിശ്വസിക്കുന്നു. ആകയാല്‍ ഇസ്‌ലാമിലെ ധര്‍മ സമരങ്ങള്‍ വര്‍ഷവും മാസവും നാളും ഗണിച്ചെടുത്തല്ല ഈ പ്രസ്ഥാനം ഓര്‍മകളിലേക്ക് കൊണ്ടുവരുന്നത്. വിശ്രമവും ഇടവേളകളുമില്ലാത്ത കര്‍മവും സമരവുമായാണ് എസ് എസ് എഫ് ഇതിഹാസസമാനമായ മുന്നേറ്റം സാധ്യമാക്കിയത്.
ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു തുടക്കം. കാത്തിരിക്കാനും വരവേല്‍പ്പ് നല്‍കാനും ആരെങ്കിലും ഉണ്ടാകുമോ എന്ന ശങ്ക ഒരു കാലത്തും ഈ സംഘടനക്ക് ഉണ്ടായിരുന്നില്ല. അധര്‍മം പ്രകടമാകുമ്പോള്‍ കൈ കൊണ്ട്, അല്ലെങ്കില്‍ വാക്കുകൊണ്ട് തടയണമെന്നാണ് പ്രവാചകാധ്യാപനം. ആ വഴികള്‍ അസാധ്യമാകുമ്പോള്‍ തിന്മകളെ മനസ്സുകൊണ്ട് വെറുക്കാനെങ്കിലും വിശ്വാസി പാകപ്പെടണമെന്നാണ് തിരുവചനത്തിന്റെ കാതല്‍. ഒന്നും കണ്ടില്ലെന്നു നടിക്കുന്നത് ഒരു പ്രബുദ്ധ സമൂഹത്തിന് അനുയോജ്യമല്ല. ഒഴുക്കിനെതിരെ സഞ്ചരിക്കുമ്പോഴാണ് ജീവിതം സമരമാകുന്നത്. പുതിയ തലമുറ മറന്നുപോകുന്നതും ആ പാഠം തന്നെയാണ്.
എസ് എസ് എഫിന്റെ നാല്‍പ്പതാം വാര്‍ഷിക സമ്മേളനവും “സമരമാണ് ജീവിതം” എന്ന പ്രമേയവും സമൂഹത്തെ ചിലത് ബോധ്യപ്പെടുത്തുന്നുണ്ട്. കമ്പോളവത്കൃത സമൂഹത്തിന്റെ വൈകൃതങ്ങള്‍ പേറി സ്വന്തത്തിലേക്ക് ചുരുങ്ങുന്ന പ്രവണത ഇന്ന് വ്യാപകമാണ്. അപായങ്ങള്‍ തന്നിലേക്ക് വന്നുചേരുമ്പോള്‍ മാത്രം ഞെട്ടിയുണരുകയും മറ്റെല്ലായ്‌പ്പോഴും ഉറക്കം നടിക്കുകയും ചെയ്യുന്ന സങ്കുചിതത്വം നമ്മുടെ സമൂഹത്തെ കൂടുതല്‍ അരാജകവത്കരിക്കുകയാണ്. ഈ ഉറക്കംതൂങ്ങികള്‍ക്കിടയിലാണ് അവസരം മുതലെടുത്ത് നാടിന്റെ കൗമാരങ്ങളും യൗവനങ്ങളും ജീവിതത്തെ ആഘോഷമാക്കി തെരുവുകളില്‍ അര്‍മാദിക്കുന്നത്. അവരെ തിരുത്താനും നിയന്ത്രിക്കാനും ആരുമില്ലെന്നായിരിക്കുന്നു. സമൂഹം കല്‍പ്പിച്ചു നല്‍കുന്ന “ഔദാര്യ”ത്തിലാണ് കാലുറക്കാത്ത യൗവനങ്ങള്‍ കണ്‍വെട്ടത്തെ കാഴ്ചകളായി മാറിയതെന്നത് നാം മറന്നുകൂടാ. സ്വന്തം ഉത്തരവാദിത്വങ്ങള്‍ വിസ്മരിച്ച് അപരന്റെ നിരുത്തരവാദത്തിനെതിരെ കുത്തുവാക്കുകള്‍ ഉന്നയിക്കുന്ന മലയാളിയുടെ പതിവുശൈലികള്‍ തിരുത്തപ്പെടാത്ത കാലത്തോളം, അന്തിമയങ്ങുമ്പോള്‍ തെരുവില്‍ വീണു കിടക്കുന്ന ചെറുപ്പക്കാരെ നമുക്ക് ഇനിയും കാണേണ്ടിവരും.
ഇത്തരം ദൃശ്യങ്ങള്‍ നമ്മെ നിരന്തരം വേട്ടയാടുമ്പോഴും കണ്ണടച്ചിരിക്കാന്‍ സമൂഹത്തിന് എങ്ങനെ സാധിക്കും? കാഴ്ചയുള്ളവരായിരിക്കെ അന്ധന്മാരായി മാറിയിരിക്കുന്നു നമ്മള്‍. മലയാളികള്‍ തോറ്റ ജനതയാണെന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്ത ചെറുപ്പക്കാരനെ കേരളത്തിന്റെ എഴുപതുകളുടെ ബാക്കിപത്രമായി പലപ്പോഴും എടുത്തു കാട്ടാറുണ്ട്. അത്തരം ആത്മഹത്യകളെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഊര്‍ജമായി സ്വീകരിച്ചവര്‍ പോലും ആ ആത്മഹത്യാ കുറിപ്പിലെ വിശാലമായ അര്‍ഥതലം കാണാതെ പോയി എന്ന സങ്കടം ബാക്കിയുണ്ട്.
നഷ്ടപ്പെടാന്‍ കൈ വിലങ്ങുകള്‍ മാത്രമേയുള്ളൂവെന്ന് വിദ്യാര്‍ഥിത്വത്തെ ചിലരെങ്കിലും പറഞ്ഞു പറ്റിച്ച കാലത്താണ് എസ് എസ് എഫ് പിറവിയെടുക്കുന്നത്. സഹപാഠിയെ കൊന്ന്, അധ്യാപകനെ ഘരാവോ ചെയ്ത്, ക്യാമ്പസുകളെ കലാപത്തില്‍ മുക്കി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എന്തു നേടുന്നുവെന്ന ചോദ്യവുമായാണ് കേരളത്തിലെ ക്യാമ്പസ് വിദ്യാര്‍ഥിത്വത്തെ എസ് എസ് എഫ് അഭിമുഖീകരിച്ചത്. നഷ്ടപ്പെടാനുള്ളത് അധ്യാപകനല്ലെന്നും വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നും എസ് എസ് എഫ് പറഞ്ഞപ്പോള്‍ പ്രതികരണങ്ങള്‍ പലവിധമായിരുന്നു. ചിലര്‍ ക്ഷോഭിച്ചു; മറ്റു ചിലര്‍ വെറി പിടിച്ചു. വേറെയും ചിലര്‍ ആയുധങ്ങളുമായി എതിരിടാനിറങ്ങി. പക്ഷേ, സമൂഹത്തിന്റെ മനസ്സ് ഞങ്ങള്‍ക്കൊപ്പമായിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ പരീക്ഷണവേദികളായി കലാലയങ്ങള്‍ മാറിക്കൂടെന്ന ധീരമായ ശബ്ദം അത്യുച്ചത്തിലുള്ള പ്രതിധ്വനികളായി ക്യാമ്പസ്മുറ്റങ്ങളെ പ്രകമ്പനം കൊള്ളിച്ചു. പുതിയ കാലത്ത് അരാഷ്ട്രീയതയുടെ അരുമകളായി നമ്മുടെ ക്യാമ്പസ് വിദ്യാര്‍ഥികള്‍ മാറുമ്പോള്‍ എസ് എസ് എഫിന് പറയാനുള്ളത് ഇത്രമാത്രം. അറിവാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധം. ആ അറിവിന്റെ നിറവില്‍ അധാര്‍മികതക്കെതിരെ സമരോത്സുകരാകുക. നിങ്ങളില്‍ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ട്. ചോരച്ചാലുകള്‍ നീന്തിക്കടക്കുമ്പോഴല്ല, ചോരതുടിക്കും കൈകള്‍ നീതിക്കായി ഉയരുമ്പോഴാണ് വിദ്യാര്‍ഥിത്വം സഫലമാകുന്നത്.
സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ ഇഷ്ട ഇടങ്ങളായി ക്യാമ്പസുകള്‍ മാറിയതെങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. മീഡിയകളും അതുത്പാദിപ്പിക്കുന്ന ഉപഭോഗ ജീവിതവും അതിന്റെ കാരണങ്ങളായിട്ടുണ്ടാകാം. പക്ഷേ, ആത്യന്തികമായി സമൂഹം തന്നെയാണ് പ്രതിക്കൂട്ടില്‍. നമ്മുടെ നിസ്സംഗതകളാണ് ക്യാമ്പസുകളുടെ മൗനമായി രൂപപ്പെട്ടത്. നമ്മുടെ നിഷ്‌ക്രിയത്വമാണ് ക്യാമ്പസുകളെ നിശ്ചലമാക്കിയത്. ഉണരേണ്ടത് സമൂഹമാണ്. ഉണര്‍ത്തേണ്ടത് സംഘടനകളാണ്. ഒരാളുടെ നിദ്രക്ക് മറ്റൊരാള്‍ കണ്ണിമ ചിമ്മാതെ കാവലിരിക്കേണ്ട കാലമാണ് ഇതെന്ന കവിവാക്യം മറന്നുകൂടാ. നടപ്പുകാലത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ കലഹം കൂട്ടിക്കൊണ്ടു മാത്രമേ ഏതു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. മലയാളി മറന്നുപോയ ആ സമരവഴികളെയാണ് എസ് എസ് എഫ് സ്മൃതിപഥത്തിലേക്ക് തിരിച്ചുവിളിക്കുന്നത്. ഉപരിപ്ലവ പ്രമേയങ്ങളിലൂടെ യൗവനത്തിന്റെ സമരബോധത്തെ സംഘടനയിലേക്ക് ആകര്‍ഷിക്കേണ്ട ദുര്‍ഗതി എസ് എസ് എഫിനില്ല. സമരം ആര്‍ക്കെതിരെ എന്ന അവ്യക്തതയും ഞങ്ങള്‍ക്കില്ല. തിന്മകള്‍ നാടു നീങ്ങും വരെയും നന്മയുടെ ഉറച്ച ശബ്ദങ്ങളായി ഈ സംഘം ഇവിടെയുണ്ടാകും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് എസ് എസ് എഫിന്റെ അനുഭവം. അത് തുടരുക തന്നെ ചെയ്യും.
ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പൊതുവിഷയങ്ങളില്‍ എത്രത്തോളം ഇടപെടാമെന്ന ചോദ്യത്തെ അപ്രസക്തമാക്കി ജനങ്ങളുമായി ബന്ധപ്പെട്ടതെന്തും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കാരണം ഇസ്‌ലാം വിഷയപരിമിതികളില്‍ തളച്ചിടപ്പെട്ട പ്രത്യയ ശാസ്ത്രമല്ല. ആരാധനകളെയും അനുഷ്ഠാനങ്ങളെയും മാത്രമല്ല അത് പ്രതിപാദിക്കുന്നത്. ശാസ്ത്രവും സാഹിത്യവും രാഷ്ട്രീയവും പരിസ്ഥിതിയുമൊന്നും ഇസ്‌ലാമിന് അന്യമല്ല. ആകയാല്‍ തികഞ്ഞ മതബോധത്തില്‍ നിന്നുകൊണ്ടു തന്നെ കേരളത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്താന്‍ എസ് എസ് എഫിനു കഴിയുന്നുണ്ട്.
നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കുകയാണ്. പക്ഷേ, ധര്‍മപ്പോരാളികള്‍ക്ക് വിശ്രമമില്ല. കര്‍മ നൈരന്തര്യത്തിലൂടെ നമ്മുടെ സാമൂഹികാവസ്ഥകളെ ചൈതന്യപൂര്‍ണമാക്കുന്നതിന് എസ് എസ് എഫിന്റെ സാന്നിധ്യം അനിവാര്യമാണ്. ഉണര്‍ന്നിരിക്കുന്ന ഒരു പറ്റം യുവാക്കളുണ്ടാകുമ്പോള്‍ സമൂഹത്തില്‍ തിന്മകളുടെ കടന്നുകയറ്റം തടയപ്പെടും. സമ്മേളനം കേരളത്തിന് സമര്‍പ്പിച്ച സന്നദ്ധ സംഘം ഐ ടീം അംഗങ്ങളുടെ റാലിയോടെയാണ് ഇന്ന് സമാപന സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തില്‍ പങ്കാളികളാകുന്നതിന് എത്തിച്ചേരുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കുന്നതിന് കേരളത്തിന്റെ വ്യവസായ നഗരി ഒരുങ്ങിക്കഴിഞ്ഞു. എല്ലാവരെയും രിസാല സ്‌ക്വയറിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

Latest