അരീക്കോട് പുതിയ ബസ് സ്റ്റാന്‍ഡ്: ഭരണ പ്രതിപക്ഷ മുന്നണികളില്‍ ഭിന്നാഭിപ്രായം

Posted on: April 27, 2013 6:00 am | Last updated: April 27, 2013 at 1:22 am

അരീക്കോട്: പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണ കാര്യത്തില്‍ അരീക്കോട്ടെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായം. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയാണ് അരീക്കോട് സ്വകാര്യമേഖലയില്‍ പുതിയ ബസ് സ്റ്റാന്‍ഡുണ്ടാക്കാന്‍ തീരുമാനിച്ചത്. 18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ 12 അംഗങ്ങളാണ് യു ഡി എഫിലുള്ളത്. പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്ന കാര്യം മുന്നണിയില്‍ ആലോചിക്കാതെ മുസ്‌ലിം ലീഗ് സ്വന്തം നിലക്ക് തീരുമാനിച്ചതാണെന്നും തീരുമാനത്തില്‍ പങ്കില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരുന്നതിനോട് അനുകൂലമാണെന്നും ഈ വിഭാഗം പറയുന്നു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് എഡബ്ല്യൂ അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.
പ്രതിപക്ഷ മുന്നണിയിലും ബസ് സ്റ്റാന്‍ഡ് വിഷയത്തില്‍ യോജിപ്പില്ല. പുതിയ ബസ് സ്റ്റാന്‍ഡ് ഉണ്ടാക്കേണ്ട സാഹചര്യമില്ലെന്നും നിലവിലുള്ള ബസ് സ്റ്റാന്‍ഡ് നവീകരിക്കുകയാണ് വേണ്ടതെന്നുമാണ് സി പി ഐ നിലപാട്. തൊട്ടിമ്മല്‍ പാടം മണ്ണിട്ടു നികത്തി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ സി പി ഐ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു.
എന്നാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വേണമെന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്. ഇത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വരുന്നതിനോട് ഇവര്‍ക്ക് യോജിപ്പില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാട്ടുതായ് പാടത്ത് സ്റ്റേഡിയവും ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ സി പി എം നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സമര്‍പ്പിച്ച പദ്ധതി നടപ്പിലാക്കിയാല്‍ പഞ്ചായത്തിന് വമ്പിച്ച വരുമാന വര്‍ധനവുണ്ടാകുമെന്നും പഞ്ചായത്തിന് നേട്ടമില്ലാതെ സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ലീഗിലും അഭിപ്രായ വ്യത്യാസം ഉടലെടുത്തതോടെ സ്വകാര്യ വ്യക്തിയുട സ്ഥലത്ത് പുതിയ ബസ് സ്റ്റാന്‍ഡ് ഉണ്ടാക്കാനുള്ള പഞ്ചായത്ത് ബോര്‍ഡിന്റെ തീരുമാനം വിവാദമായിരിക്കുകയാണ്.