അട്ടപ്പാടി സമഗ്ര പാക്കേജ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കം

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 10:58 pm

പാലക്കാട്: അട്ടപ്പാടിയില്‍ ഭക്ഷണം കിട്ടാതെ ശിശുക്കള്‍ മരിച്ച് കൊണ്ടിരിക്കുമ്പോഴും വികനസത്തിന്റെ പേരില്‍ സ്വകാര്യ ഏജന്‍സികള്‍ കോടികള്‍ തട്ടിയെടുക്കാന്‍ നീക്കം. പോഷകഹാരം കുറവ് മൂലം അട്ടപ്പാടിയില്‍ മുപ്പതോളം കുട്ടികളാണ് മരിച്ചത്.
കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരും ശരിയായ രീതിയില്‍ ഭക്ഷണമില്ലാതെ മരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ വിളര്‍ച്ചയും അരിവാള്‍ പോലുള്ള രോഗങ്ങള്‍ അട്ടപ്പാടി മേഖലയില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു സഹാചര്യത്തില്‍ ആദിവാസികള്‍ വംശഭീഷണി നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് ആദിവാസിക്ഷേമത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന കോടി കണക്കിന് രൂപ സ്വകാര്യ ഏജന്‍സി വികസന ന പദ്ധതിയുടെ പേരില്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നത്. അട്ടപ്പാടിയില്‍ ആദിവാസി മരണത്തെതുടര്‍ന്ന് മന്ത്രിമാരായ മുനീര്‍, പി കെ ജയലക്ഷ്മി, എസ് ശിവകുമാര്‍ തുടങ്ങിയവര്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും അട്ടപ്പാടിയിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇനിയും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുംമായി ആലോചിച്ച് സമഗ്രപാക്കേജ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമെന്നും ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച് കൂട്ടിയ മന്ത്രിസഭയോഗത്തില്‍ അഹാഡ്‌സിനെ പുനസംഘടിപ്പിച്ച് സമഗ്ര പങ്കാളിത്ത വിഭവ പരിപാലന കേന്ദ്രം (സി സി പി ആര്‍ എം) പദ്ധതിക്ക് രൂപം നല്‍കിയത്. ആരോഗ്യം, കൃഷി, സാമൂഹിക നീതി, പട്ടിക വര്‍ഗ്ഗം, ഗ്രാമ വികസന വകുപ്പുകളുടെ നേതൃത്വത്തിലാണ് പാക്കേജ് നടപ്പാക്കുന്നത്. മുന്‍കാലങ്ങളില്‍ സക്കാര്‍ നേരിട്ട് പദ്ധതികള്‍ നടത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച് പാക്കേജിലുള്‍പ്പെട്ട അട്ടപ്പാടിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസി കാര്‍ഷികമേഖലകളില്‍ വികസനം നടപ്പാക്കുന്നതിന് പല സ്വകാര്യ ഏജന്‍സികളും ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. പലപേരുകളില്‍ കോടികളുടെ പദ്ധതികളാണ് സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. ആദിവാസിമേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും അവഗണിച്ചാണ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നത്. സംരക്ഷിത വനമേഖലയില്‍ താമസിക്കുന്ന കുറുമ്പ ആദിവാസി മേഖലപോലും വികസിപ്പിക്കുന്നതിന് വേണ്ടി വാഗ്ദാനവും ഒരു ഏജന്‍സി രംഗത്ത് വന്നു കഴിഞ്ഞു. പുറമേ നിന്നുള്ള ഇടപെടല്‍ ഇവിടെ അനുവദനീയമല്ലെന്നിരിക്കെയാണ് വനംവകുപ്പിനെയും െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും ഒഴിവാക്കി സ്വകാര്യസംഘടനയുടെ പദ്ധതിക്ക് അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
വികസനപദ്ധതികള്‍ തയ്യാറാക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഹാഡ്‌സ് ആസ്ഥാനത്ത് മൂന്ന് മാസത്തിലധികമായി അദ്ദേഹം ചുമതലയേറ്റിട്ട്. എന്നാല്‍ ഇത് വരെ നോഡല്‍ ഓഫീസര്‍ക്ക് പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു നിര്‍ദേശമൊന്നും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല.
സര്‍വകക്ഷിയോഗം വിളിച്ച് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പദ്ധതി സമര്‍പ്പിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകമാത്രമാണ് ഓഫീസര്‍ ചെയ്തത്. നോഡല്‍ ഓഫീസറെ നോക്കുകുത്തിയാക്കിയാണ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ പദ്ധതികള്‍ കയ്യടക്കുന്നത്.
കര്‍ഷികമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. അട്ടപ്പാടിയില്‍ വ്യാപകമായി രൂപീകരിച്ച യൂനിറ്റുകള്‍ വഴി പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു സംഘടന. തദ്ദേശസ്ഥാപനങ്ങള്‍ക്കോ കൃഷിഭവനുകള്‍ക്കോ സംഘടനകള്‍ക്ക് മേല്‍ നിയന്ത്രണമില്ല. പണം എങ്ങനെ ചെലവഴിച്ചുവെന്ന് ബോധിപ്പിക്കാനുള്ള ബാധ്യതയുമില്ല. പഞ്ചായത്തീരാജ് സംവിധാനം പോലും അട്ടിമറിച്ച് പ്രദേശത്തിന്റെ വികസനം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ആദിവാസി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
അഹാഡ്‌സ് മുമ്പ് രൂപീകരിച്ച ഊരുവികസനസമിതി ഗുണഭോക്തൃ സംഘങ്ങള്‍ അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നുണ്ട്. ആദിവാസിമേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം ലഭിച്ച ഈ സമിതികളെയും അടുപ്പിക്കുന്നില്ല. കൃഷിഭവനുകളുടെ കീഴില്‍ കാര്‍ഷികസമിതികളും ഐ ടി ഡി പിക്ക് കീഴില്‍ അവരുടേതായ നിര്‍വഹണ സംവിധാനങ്ങളുമുണ്ട്. ഇവയെയും അകറ്റി നിര്‍ത്തിയിരിക്കുകയാണ്.
പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ രൂപീകരണം ഒരു സ്വകാര്യ സംഘടന ഏറ്റെടുത്തുകഴിഞ്ഞു. അഹാഡ്‌സിനെ ഏല്‍പ്പിക്കാന്‍ ജില്ലാഭരണസംവിധാനം തിരുമാനിച്ച പദ്ധതിയാണ് ഉന്നതല ഇടപെടലിലൂടെ കൈയടക്കിയത്. അട്ടപ്പാടി ആദിവാസികളുടെ വികസനത്തിനായികോടികണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ ഏറ്റെടുത്ത് കൊള്ളയടിക്കുമ്പോള്‍ ആദിവാസികള്‍ ഭക്ഷണം പോലും കിട്ടാതെ മരിച്ച് വീഴുകയാണ്.
ആദിവാസി ക്ഷേമത്തിനായി ഉപയോഗിക്കുന്ന തുക അവര്‍ക്ക് തന്നെ ലഭ്യമാക്കണമെന്നും ആദിവാസികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യവും ആദിവാസി സംഘടനയായ തായ്ക്കുലം രംഗത്ത് വന്നു കഴിഞ്ഞു.
സ്ഥലം എം എല്‍ എ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും ഇത് ഒരിക്കലും അനുവദിക്കില്ല. അട്ടപ്പാടിയില്‍ നടക്കുന്ന വികസനത്തെക്കുറിച്ച് ആദിവാസികള്‍ക്ക് അറിയണമെന്നും അവര്‍ പറയുന്നു.