Connect with us

Gulf

ഇന്തോ-അറബ് സാംസ്‌കാരിക സമന്വയത്തിന്റെ തുറന്ന പുസ്തകമായി ഒരു സംവാദം

Published

|

Last Updated

അബുദാബി:ഇന്തോ-അറബ് സാംസ്‌കാരിക സമന്വയത്തിന്റെ തുറന്ന പുസ്തകമായി മാറി, അബുദാബി രാജ്യാന്തര പുസ്തകമേളയിലെ ഡിസ്‌കഷന്‍ സോഫയില്‍ സിറാജ് ദിനപത്രം ഒരുക്കിയ മുഖാമുഖം. ചരിത്രകാരനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ കെ എന്‍ കുറുപ്പായിരുന്നു മുഖ്യാതിഥി. ഇന്ത്യയും അറബ് സമൂഹവും തമ്മിലെ ഇഴയടുപ്പത്തെക്കുറിച്ച് സംസാരിച്ചു തീരുമ്പോള്‍ യു എ ഇ കവി ഡോ. ശിഹാബ് ഘാനം വേദിയിലെത്തിയത് മുഖാമുഖത്തിന് സവിശേഷ മാനം നല്‍കി. യെമനില്‍ കുടുംബ വേരുകളുള്ള ശൈഖ് സൈനുദ്ദീന്‍ മക്്തൂമാണ് കേരളത്തിലെ ആദ്യ ചരിത്രകാരനെന്നത് ചരിത്ര വിദ്യാര്‍ഥികള്‍ പോലും മറന്നുപോയിരിക്കുകയാണെന്ന് ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു.മക്്തൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം, ഇന്ത്യയിലെ മുസ്്‌ലിംകള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നതിന്റെ പ്രകടന പത്രികയാണ്. അറബി മലയാളത്തിലാണ് മക്്തൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എഴുതിയത്. മലബാറില്‍ സാമൂതിരി രാജാവാണ് മുസ്്‌ലിംകളുടെ അമീറെന്നും രാജ്യത്തെ സംരക്ഷിക്കുകയെന്നത് മുസ്്‌ലിംകളുടെ കര്‍ത്തവ്യമാണെന്നും മക്്തൂം എഴുതിയിട്ടുണ്ട്. അന്നത്തെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരായി മുസ്്‌ലിംകള്‍ മാറരുത്. ചരിത്ര രചന വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാകണം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആകരുത്. ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ മുസ്്‌ലിം വിരുദ്ധതക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വര്‍ഗീയ വിഷം പരത്തുന്ന പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. വര്‍ഗീയവത്കരണത്തിന് ചരിത്രത്തെ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നതിന് ധാരാളം തെളിവുകള്‍ ലഭിച്ചു.ഇന്ത്യയില്‍ ഇസ്്‌ലാം വ്യാപിച്ചത്, വാണിജ്യപരമായ ബന്ധത്തിലൂടെയാണ്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കുവേണ്ടി അറബ് വംശജര്‍ കേരളത്തിലെത്തുകയും അവരുടെ സാംസ്‌കാരിക സുഗന്ധത്തെ കേരളത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. ഇന്തോ-അറബ് ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും കുറുപ്പ് പറഞ്ഞു.ഗാന്ധിസത്തെ ഏറെ ബഹുമാനിക്കുന്നവരാണ് അറബ് സമൂഹമെന്ന് ഡോ. ശിഹാബ് ഘാനം പറഞ്ഞു. തന്റെ പിതാമഹന് ഗാന്ധിജിയുടെ ആശയങ്ങളെ ഇഷ്ടമായിരുന്നു. തന്റെ മാതാവ് ഗാന്ധിജിയെ സന്ദര്‍ശിച്ചിട്ടുണ്ട്. ഗള്‍ഫ് ഭരണകൂടങ്ങളും ഇന്ത്യയും തമ്മിലെ ബന്ധം ഇനിയും മെച്ചപ്പെടണം. സാഹിത്യം വഴിയും അതാകാം. മലയാളത്തിലെ ചില കവിതകള്‍ അറബിയിലേക്ക് താന്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ കമലാ സുരയ്യയും സച്ചിതാനന്ദനും മറ്റും അറബ് അനുവാചകര്‍ക്ക് അന്യരല്ല. ഇത്തരത്തില്‍ മൊഴിമാറ്റങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണം-ശിഹാബ് ഘാനം പറഞ്ഞു.

എന്‍ജിനീയര്‍ അബ്ദുര്‍റഹ്്മാന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, മുനീര്‍ പാണ്ട്യാല, വി ടി വി ദാമോദരന്‍ സംസാരിച്ചു.
ഡോ. കുറുപ്പും ഡോ. ഘാനവും സിറാജ് പവലിയന്‍ സന്ദര്‍ശിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകം ഡോ. ഘാനം പ്രകാശനം ചെയ്തു.

Latest