Connect with us

Gulf

സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നു

Published

|

Last Updated

 അബുദാബി: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡവുമായി അബുദാബി അധികൃതര്‍. കുട്ടികള്‍ വാഹനങ്ങളില്‍ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവക്ക് വിധേയമാകുന്ന സാഹചര്യത്തിലാണ് ബസ് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലും അബുദാബി പോലീസും ചേര്‍ന്ന് ഇത്തരം ഒരു സുരക്ഷാ മാനദണ്ഡത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈയിടെയായി വിദ്യാര്‍ഥികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാര്‍ പിടിയിലായിരുന്നു. അബുദാബി എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലെയും കുട്ടികളുടെ സുരക്ഷ, ബസ്സുകളില്‍ ഉറപ്പാക്കാന്‍ ഉതകുന്നതാണ് പുതിയ മാനദണ്ഡങ്ങള്‍.മുഴുവന്‍ വിദ്യാലയങ്ങളും കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരിച്ച് വീട്ടില്‍ എത്തിക്കാനും ഗതാഗത സൗകര്യം ഉറപ്പാക്കണമെന്ന് പുതിയ മാനദണ്ഡം നിഷ്‌കര്‍ശിക്കുന്നു. ബസ് ഡ്രൈവര്‍മാരുടെ പ്രായം 25 വയസില്‍ കുറയാന്‍ പാടില്ല. ചുരുങ്ങിയത് ഒരു വര്‍ഷം കാലാവധിയുള്ള യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം എന്നതിനൊപ്പം അറബിയും ഇംഗ്ലീഷും നന്നായി സംസാരിക്കാന്‍ സാധിക്കുന്നവരും സദ്ഗുണ സമ്പന്നരുമായവര്‍ക്കേ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാകൂ. ഡ്രൈവര്‍മാര്‍ക്ക് ഗതാഗത വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും മാരകവും സാംക്രമികവുമായ രോഗമില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇതോടൊപ്പം മദ്യം ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ക്ക് ഡ്രൈവര്‍മാര്‍ അടിപ്പെട്ടവരാവാനും പാടില്ല. ബസുകളില്‍ മതിയായ രീതിയിലുള്ള ശീതീകരണ സംവിധാനം ഉണ്ടാവണം. 12 വയസിന് മുകളിലുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം പ്രത്യേകം വാഹനങ്ങളിലെ കൊണ്ടുപോകാവൂ. വിദ്യാലയങ്ങള്‍ നേരിട്ട് നടത്തുന്നതോ അബുദാബി ഗതാഗത വിഭാഗത്തിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതോ ആയ ബസുകള്‍ക്ക് മാത്രമേ ഇനി മുതല്‍ കുട്ടികളെ കൊണ്ടു പോകാന്‍ അനുമതിയുണ്ടാകൂ.

Latest