രാജ്യത്ത് റോഡപകടങ്ങളില്‍ വര്‍ധന; ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പ്രീമിയം കൂട്ടാനൊരുങ്ങുന്നു

Posted on: April 26, 2013 8:04 pm | Last updated: April 26, 2013 at 8:04 pm

INSURANCEമസ്‌കത്ത്:റോഡപകടങ്ങളില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാഷ്ട്രം ഒമാന്‍. പ്രതിവര്‍ഷം 25 മില്യന്‍ റിയാലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നഷ്ടപരിഹാര തുകയായി നല്‍കുന്നത്. യു എ ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങളുണ്ടാകുന്നത് ഒമാനിലാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഒമാനിലെ വാഹനപകടങ്ങളില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ 1368 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1000 അപകടങ്ങളാണുണ്ടായത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും ഡ്രൈവിംഗിലെ തെറ്റായ പ്രവണതകളുമാണ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പറയുന്നു. കമ്പനികള്‍ നല്‍കിയ നഷ്ടപരിഹാരം വാഹനങ്ങള്‍ വരുത്തിയ വിവിധ അപകടങ്ങള്‍ക്കാണ്. വീടുകളും, കടകളും ഇടച്ചു തകര്‍ക്കല്‍, ഡീവൈഡറുകള്‍ തകര്‍ക്കുക എന്നിവയാണ് പ്രധാന അപകടങ്ങള്‍. അപകടങ്ങളില്‍ പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ ചെലവുകള്‍ക്കും പണം നല്‍കി. അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം താരതമ്യേന കുറവാണ്. ഡ്രൈവിംഗ് ലൈസന്‍സിനുള്ള കുറഞ്ഞ പ്രായം 17 ല്‍ നിന്ന് 18 ആക്കിയത് അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്ന് മില്യന്‍ ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 2011 ലെ കണക്കുമായി താരമത്യപ്പെടുത്തുമ്പോള്‍ 22 ശതമാനം കൂടുതലാണിത്. 220 മില്യന്‍ റിയാലാണ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റോഡ് നന്നാക്കാനും മറ്റുമായി ചെലവഴിച്ചത്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. അമിതവേഗവും മറ്റൊരു പ്രധാന കാരണമാണ്. ഒമാനിലെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആറ് മുതല്‍ 10 ശതമാനം വരെ പ്രീമിയം വര്‍ധിപ്പിക്കാനും ഒരുങ്ങുകയാണ്. രാജ്യത്ത് വര്‍ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനായി റോയല്‍ ഒമാന്‍ പോലീസ് വിവിധ ബോധവത്കരണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.