എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

Posted on: April 26, 2013 6:59 am | Last updated: April 26, 2013 at 12:00 pm

കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും 12 ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി. കല്‍പ്പറ്റ പള്ളിത്താഴം റോഡിലെ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ഓഫീസിലടക്കം നടത്തിയ റെയ്ഡില്‍ മത-തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മാനന്തവാടി, തരുവണ, പടിഞ്ഞാറത്തറ, പനമരം, പേര്യ എന്നിവിടങ്ങളിലെ ഓഫീസുകളൊക്കെ പോലീസ് പരിശോധിച്ചു. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ എസ് ഡി പി ഐ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വയനാട്ടില്‍ ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവിടെയും റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസംകണ്ണൂര്‍ ജില്ലയിലെ നാറാത്തെ പോപ്പുലര്‍ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മാനന്തവാടി ഡി വൈ എസ് എ ആര്‍ പ്രേംകുമാര്‍, പുല്‍പ്പള്ളി സി ഐ ആഷാദ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.