കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: മോഡിയുടെ പ്രചാരണം ഒരിടത്ത് മാത്രം

Posted on: April 26, 2013 6:00 am | Last updated: April 25, 2013 at 10:49 pm

ബംഗളൂരു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയില്‍ ഒരു പ്രചാരണ സമ്മേളനത്തില്‍ മാത്രമേ പങ്കെടുക്കൂവെന്ന് റിപ്പോര്‍ട്ട്. നേരത്തെ, തിരഞ്ഞെടുപ്പ് പ്രചാരണം മോഡിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ബംഗളൂരു നഗരത്തിലെ ഒരു സമ്മേളനത്തില്‍ മോഡി പങ്കെടുക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി പറഞ്ഞു.
മോഡിയെ പൂര്‍ണമായും ഉപയോഗിപ്പെടുത്തില്ലേയെന്ന ചോദ്യത്തിന്, ബാക്കി തീയതികള്‍ കൂടി ലഭിക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. നാഷനല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തിലല്ലാതെ മറ്റൊന്നിലും മോഡി പങ്കെടുക്കില്ലെന്നാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, സുഷമ സ്വരാജ് തുടങ്ങിയവര്‍ നേരത്തെ പ്രചാരണത്തിനെത്തിയിരുന്നു. പ്രകടനപത്രികക്ക് അന്തിമരൂപം നല്‍കിയത് അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലായിരുന്നു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മോഡിയും പ്രചാരണ രംഗത്ത് നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് കര്‍ണാടകയിലുണ്ടാകുകയെന്ന് നേരത്തെ അഭിപ്രായങ്ങളുണ്ടായിരുന്നു. മോഡി വ്യാപക പ്രചാരണത്തിന് എത്തുമെന്ന് പ്രഹ്ലാദ് ജോഷിയും മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുതിര്‍ന്ന നേതാവ് എച്ച് എന്‍ ആനന്ദ് കുമാറും പാര്‍ട്ടിയുടെ പ്രചാരണ ഉദ്ഘാടന വേദിയില്‍ പ്രഖ്യാപിച്ചിരുന്നു.
മോഡിയെ മണ്ഡലത്തിലെത്തിക്കാന്‍ ധാരാളം സ്ഥാനാര്‍ഥികള്‍ സമ്മര്‍ദവുമായി രംഗത്തുണ്ടായിരുന്നു. അഴിമതി, ഉള്‍പാര്‍ട്ടി പോര്, ജനദ്രോഹ നയങ്ങള്‍ മുതലായവ കൊണ്ട് വലയുന്ന സംസ്ഥാന ബി ജെ പി നേതൃത്വം, മോഡിയെ മുന്‍നിര്‍ത്തി ചലനമുണ്ടാക്കാമെന്ന് ആഗ്രഹിച്ചിരുന്നു.