സൊഹാര്‍ കേരളോത്സവം ഇന്ന്

Posted on: April 25, 2013 7:49 pm | Last updated: April 25, 2013 at 7:49 pm

സൊഹാര്‍: സാംസ്‌കാരിക കേരളത്തിന്റെ കലാ കൗമാരങ്ങള്‍ അണിനിരക്കുന്ന സൊഹാര്‍ കേരളോത്സവത്തിനു ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സൊഹാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ തിരി തെളിയും. വര്‍ണക്കുടകളും വാദ്യമേളങ്ങളും നൃത്തനിത്യങ്ങളും അരങ്ങു തകര്‍ക്കുന്ന വേദിയില്‍ സ്വദേശി പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മിഴിവേകും.
കഴിഞ്ഞ രണ്ട് വരാന്ത്യങ്ങളിലായി നടന്ന യുവജനോത്സവത്തില്‍ മാറ്റുരച്ച് വിജയിച്ച പ്രതിഭകളുടെ സംഗമ വേദികൂടിയാകും കേരളോത്സവം. വൈകിട്ട് 5.30 നു ആരംഭിക്കുന്ന കേരളോത്സവത്തില്‍ ബതിനാ സ്‌പോര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ കമാലി മുഖ്യാതിഥി ആയിരിക്കും. അല്‍ വതന്‍ കമ്പനി സി ഇ ഒ ആഹ്മദ് ഹാഷിം അല്‍ ദഹബി, ചലച്ചിത്ര നിര്‍മാതാവ് ഉബൈദ്, മാര്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ വിനിത് കുമാര്‍, തനുശ്രീ എം ഡി അബ്ദുല്ലാഹ് അല്‍ ബലൂഷി, ഒമാന്‍ കേരള മുസ്‌ലിം അസോസിയേഷന്‍ (ഒക്മ )പ്രസിഡന്റ് അബ്ദുല്‍ കരീം, സൊഹാര്‍ കെ എം സി സി പ്രസിഡന്റ് എം ടി അബ്ദുഷര്‍റഹ്മാന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യ രക്ഷാധികാരി മനോജ് കുമാര്‍ അധ്യക്ഷ്യം വഹിക്കും. വര്‍ക്കിംഗ് പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടി സ്വാഗതവും കണ്‍വീനര്‍ വാസുദേവന്‍ നന്ദിയും പറയും.