Connect with us

Gulf

സര്‍വനാശം വിതച്ച് മഴ: മരണം നാലായി

Published

|

Last Updated

മസ്‌കത്ത് :രണ്ട് ദിവസമായി തുടരുന്ന മഴ സുല്‍ത്താനേറ്റില്‍ സര്‍വനാശം വിതക്കുന്നു. ഇന്നലെ ഒന്നരവയസുള്ള കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. മഴ രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യത. വാദികള്‍ നിറഞ്ഞ് കവിഞ്ഞ് മിക്കയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകള്‍ ഒലിച്ച് പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോയല്‍ എയര്‍ഫോഴ്‌സ്, റോയല്‍ ഒമാന്‍ പോലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴയോടൊപ്പം കനത്ത ഇടിയും മിന്നലുമുണ്ടായിരുന്നു.
സഹത്തിലെ ബാത്ത താഴ്‌വരിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഇബ്‌റാഹീം സാലിമി അല്‍ ഫസാരി (60) ആണ് മരിച്ചത്. വാഹനത്തില്‍ കുടുങ്ങികിടക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. നോര്‍ത്ത് ബാത്തിനയില്‍ വീട് നിലം പൊത്തി ബിലിക മരിച്ചു. അലി ഹമീദ് ബക്കീത് അല്‍ ബാദിയുടെ മകള്‍ ഇനാഷ് അലി ഹമീദ് അല്‍ ബാദി (രണ്ട്) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വാദി അല്‍ മഹ്മൂസ് കരകവിഞ്ഞാണ് കുട്ടി മരിച്ചത്. ഇന്ന് രാവിലെ പ്രദേശ വാസികളാണ് മൃതദേഹം കണ്ടെത്തിയത്. സഹത്തിലെ വാദി ഹഫീതില്‍ കുടുങ്ങിപ്പോയ നാല് പേരെ രക്ഷപ്പെടുത്തി. അല്‍ ഹുവൈലി അല്‍ ജദീദയില്‍ ഒറ്റപ്പെട്ടുപോയ മറ്റൊരു കുടുംബത്തിലെ എട്ട് പേരെയും രക്ഷപ്പെടുത്തി. ബാത്തിനയിലും മസ്‌കത്തിലെ ഹമരിയയിലും മരങ്ങള്‍ വീണ് വൈദ്യുതി മുടങ്ങി. മലവെള്ളപ്പാച്ചിലില്‍ റോഡില്‍ വലിയ കല്ലുകള്‍ വീണു. വീണ മരങ്ങള്‍ മുറിച്ച് നീക്കി വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. സൂറില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ രണ്ടു പേരെ കാണാതായി. മത്തറയില്‍ ബംഗാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി.
കഴിഞ്ഞ ദിവസം ഇബ്‌രിയില്‍ ഒഴുക്കില്‍പെട്ട രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം വീണ്ടെടുത്തു. ഇബ്‌രി വിലായത്തിലെ വാദിയിലാണ് സുല്‍ത്താന്‍ അല്‍ ഹത്മി (16), ഹമാദ് അല്‍ ഹത്മി (14) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഇവരിലൊരാളുടെ മൃതദേഹം ഇന്നലെ രാവിലെ സഹം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താഴ്‌വരയില്‍ നിന്നാണ് കണ്ടെടുത്തെതെന്ന് ആര്‍ ഒ പി വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഹമരിയയിലെ അല്‍ ആദ ആശുപത്രി വെള്ളപൊക്കം മൂലം അടച്ചു. താഴ്ന്ന പ്രദേശത്തുള്ള ഈ ആശുപത്രി വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥയിലാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗമാണ് അടച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
നോര്‍ത്ത് ബാത്തിനയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ നിന്ന് എട്ട് പേരെ സിവില്‍ ഡിഫന്‍സിന്റെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി. നിരവധി സ്ഥലങ്ങളില്‍ റോഡപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റോയല്‍ എയര്‍ഫോഴ്‌സിന്റെ അഞ്ച് ഹെലികോപ്റ്ററുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. ഇബ്‌രിയില്‍ സ്‌കൂള്‍ ബസ് മലവെള്ളപ്പാച്ചിലില്‍ മറിഞ്ഞു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. സ്‌കൂളുകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വന്നിരുന്നു. ഡ്രൈവര്‍ ബസില്‍ നിന്നിറങ്ങിയ സമയത്താണ് സംഭവം. ബസിലുണ്ടായിരുന്ന 41 കുട്ടികളെയും സുരക്ഷാ സേന രക്ഷപ്പെടുത്തി.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ രാത്രി തുടങ്ങിയ മഴ പകലില്‍ ശക്തിപ്രാപിച്ചു. സീബ്, ബൗഷര്‍, മത്തറ, മസ്‌കത്ത് എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. അല്‍ അമിറാത്തിലും കുരിയാത്തിലും വാദി ഷാദാബ് കരകവിഞ്ഞു. അല്‍ ഹമരിയ, മത്തറ എന്നിവിടങ്ങളില്‍ വാദി കബീറും, വാദി ഉദായയും കരകവിഞ്ഞു. അല്‍ ദിഹിറ ഗവര്‍ണറേറ്റിലെ മിക്ക വിലായത്തുകളിലും കനത്ത മഴ ലഭിച്ചു. ഇബ്‌രി വിലായത്തിലെ അല്‍ ഇറകി, വാദി മഖര്‍, വാദി അല്‍ കബര്‍, വാദി മുഗ്‌സി, ആന്‍സ്, ഖദാല്‍, അല്‍ റാഖി, അല്‍ ദാഹിര്‍, സിയ വാദികളും കരവിഞ്ഞു. ബുറൈമി ഗവര്‍ണറേറ്റിലെ സുനൈന, മഹ്ദ, അല്‍ ബുറൈമി വിലായത്തുകളിലെ വാദികളും കരവിഞ്ഞു.
നോര്‍ത്ത് ബാത്തിനയിലാണ് മഴ നാശം വിതച്ചത്. സൊഹാര്‍, സഹം, സുവൈഖ്, കാബൂറ എന്നിവിടങ്ങളിലെ വാദികളായ അല്‍ ബാത്ത, ദഹംഗ്, അല്‍ മഹ്മൂം, അല്‍ ഹൗസിന, ബാനി ഉമര്‍ വാദികളും നിറഞ്ഞൊഴുകി. സൗത്ത് ബാത്തിനയിലെ ബനി ഗാഫിര്‍ നിറഞ്ഞു. ദഖലിയ ഗവര്‍ണറേറ്റിലും വാദികള്‍ നിറഞ്ഞു.
മസ്‌കത്ത് അല്‍ ഖുവൈറില്‍ ഗള്‍ഫ് കോളജിനടുത്ത് വാഹനത്തില്‍ കുടുങ്ങിപ്പോയ വനിതയെ രക്ഷപ്പെടുത്തി. വാദികബീറിലെ വെള്ളം ഇവരുടെ വാഹനത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇബ്‌രി വിലായത്തിലെ അല്‍ ഇറാഖി ഭാഗത്താണ് സംഭവം. യന്‍ഖുല്‍ വിലായത്തില്‍ രോഗിയായ സ്ത്രീയെ ഹെലികോപ്റ്റര്‍ മാര്‍ഗം ഇബ്‌രിയിലെ ആശുപത്രിയിലെത്തിച്ചു.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഹം ഭാഗത്ത് മക്‌ലീവ്, ഹാവില്‍ മേഖലയില്‍ നിരവധി കുട്ടികള്‍ വീടുകളില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇന്നലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഓഫീസുകളൊന്നും പ്രവര്‍ത്തിച്ചില്ല. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വാദികള്‍ മുറിച്ച് കടക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Latest