ചാമ്പ്യന്‍സ് ലീഗ്:റയല്‍ മാഡ്രിഡിന് വമ്പന്‍ തോല്‍വി

Posted on: April 25, 2013 4:03 am | Last updated: April 25, 2013 at 9:02 am

Borussia Dortmund v Real Madrid - UEFA Champions League Semi Final: First Legഡോട്മുണ്ട്:യുഫേഫ ചാമ്പ്യന്‍സ് ലീഗിലെ സെമിയുടെ ആദ്യ പാദ പോരാട്ടങ്ങളില്‍ വമ്പന്‍മാരുടെ വീഴ്ച തുടര്‍ക്കഥയാകുന്നു. ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കരുത്തരായ ബാഴ്‌സലോണ മുട്ടുമടക്കിയതിനു പിന്നാലെ പ്രബലരായ റയല്‍മാഡ്രിഡിനും ആദ്യ പാദത്തില്‍ വമ്പന്‍ തോല്‍വി ഏറ്റു വാങ്ങി.ബൊറുസിയ ഡോട്മുണ്ടിനോടാണ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്‌ റയല്‍ മുട്ടുമടക്കിയത്(4-1).പോളണ്ട് സ്‌ട്രൈക്കറായ റോബര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കിയാണ് ഡോട്മുണ്ടിനു വേണ്ടി നാല് ഗോളും നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിനു വേണ്ടി ആശ്വാസഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ലെവാന്‍ഡോവ്‌സ്‌കിയിലൂടെ ഡോട്മുണ്ട് കളിയില്‍ മേല്‍കൈ നേടിയെടുത്തിരുന്നു. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ ക്രിസ്റ്റ്യാനോയിലൂടെ റയല്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഗോള്‍ നിലയിലെ തുല്യത നല്‍കിയ ആത്മവിശ്വാസവുമായി ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ റയലിന് മേല്‍ ലെവാന്‍ഡോവ്‌സ്‌കി പറന്നിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കളിക്കളത്തില്‍ നിറഞ്ഞ് നിന്നത്.അന്‍പതാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ ലെവാന്‍ഡോവ്‌സ്‌കി അഞ്ച് മിനിറ്റിന് ശേഷം ഹാട്രിക്കും തികച്ചു. അറുപത്തിയേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ലെവാന്‍ഡോവ്‌സ്‌കിയുടെ നാലാം ഗോള്‍ പിറന്നത്.