ഫഌക്‌സില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ തല വെട്ടിമാറ്റി; ഐ ഗ്രൂപ്പ് നേതാവിന് സസ്‌പെന്‍ഷന്‍

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 2:05 am

വടകര: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ പ്രചാരണാര്‍ഥം വടകര ബസ്സ്റ്റാന്‍ഡിനടുത്ത് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡില്‍ നിന്ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളുടെ ഫോട്ടോ വെട്ടിമാറ്റിയതിന് ഐ ഗ്രൂപ്പ് നേതാവിന് സസ്‌പെന്‍ഷന്‍. വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം ജയദാസ് കടോട്ടിയെയാണ് ഡി സി സി പ്രസിഡന്റ് കെ സി അബു കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അനുമതിയോടെ സസ്‌പെന്‍ഡ് ചെയ്തത്.
സ്വീകരണ പരിപാടിയുടെ മുന്നോടിയായാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, ടി സിദ്ദീഖ്, കെ സി അബു എന്നിവരുടെ ഫോട്ടോ പതിച്ച ഫഌക്‌സ് സ്ഥാപിച്ചത്. ഇതില്‍ ചെന്നിത്തല ഒഴികെയുള്ള മറ്റു എ ഗ്രൂപ്പ് നേതാക്കളുടെ തലയെല്ലാം വെട്ടിമാറ്റിയ നിലയിലായിരുന്നു. ഇതിന്റെ പേരില്‍ ചൊവ്വാഴ്ച രാത്രി എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളയാത്രയുടെ സ്വീകരണ പരിപാടി ബഹിഷ്‌കരിക്കുമെന്ന് എ ഗ്രൂപ്പുകാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ചെന്നിത്തലയുടെ സ്വീകരണ പരിപാടിയിലും ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു.