കൊടുവള്ളിയില്‍ ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു: രണ്ട് പേര്‍ക്ക് പരുക്ക്

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 2:04 am

കൊടുവള്ളി: എന്‍ എച്ച് 212 കൊടുവള്ളി അങ്ങാടിയിലെ ഓപ്പണ്‍ എയര്‍ സ്റ്റേജ് വളവില്‍ ആസിഡുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഫോര്‍മാല്‍ഡി ഹൈഡ് ആസിഡായിരുന്നു ടാങ്കറില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച അര്‍ധരാത്രി 12.45ഓടെയാണ് അപകടം. ലോറി ഡ്രൈവര്‍ ചങ്ങനാശ്ശേരി മേത്തശ്ശേരി തൊണ്ടിയില്‍ എന്‍ ചന്ദ്രന്‍ (52), ഭാര്യാ സഹോദരിയുടെ മകനും മുംബൈ സ്വദേശിയുമായ സൂരജ് (13) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്ലൈവുഡ് നിര്‍മാണത്തിനുള്ള ഫോര്‍മാല്‍ഡി ഹൈഡ് ആസിഡുമായി മൈസൂരില്‍ നിന്ന് തൃശൂരിലെ പ്ലാന്റിലേക്ക് പോകുന്ന ടാങ്കര്‍ കൊടുവള്ളിയിലെ മെയിന്‍ വളവില്‍ വെച്ച് എതിരെ വന്ന കാറിന് വഴികൊടുക്കുന്നതിനിടെ നടുറോഡിലേക്ക് മറിയുകയായിരുന്നു. രാത്രിയായതിനാല്‍ അങ്ങാടിയില്‍ ആളില്ലാത്തതും തീ പടരാന്‍ സാധ്യതയില്ലാത്ത ആസിഡുമായതിനാലാണ് വന്‍ ദുരന്തമൊഴിവായത്. അപകടത്തെ തുടര്‍ന്ന് ടാങ്കറിലുണ്ടായിരുന്ന പത്ത് ടണ്‍ ആസിഡ് റോഡിലൊഴുകി. അസഹ്യമായ മണവും ശ്വാസതടസ്സവും കണ്ണിന് എരിച്ചിലും അനുഭവപ്പെട്ടതിനാല്‍ നാട്ടുകാര്‍ക്ക് അപകടം നടന്ന സ്ഥലത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല.
അപകട വിവരമറിഞ്ഞ് നരിക്കുനി, മുക്കം ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന യൂനിറ്റുകളും കൊടുവള്ളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ അപകടം നടന്ന സ്ഥലത്തിനടുത്ത് പീടിക വരാന്തയിലും കടകളിലെ മുറികളിലുമായി ഉറങ്ങാന്‍ കിടന്നിരുന്നു. ഇവരെ പെട്ടെന്ന് തന്നെ മാറ്റാന്‍ കഴിഞ്ഞത് കൂടുതല്‍ അപകടം ഒഴിവാക്കി.
അപകടം നടന്നത് മുതല്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. പടനിലം, ആരാമ്പ്രം, കച്ചേരിമുക്ക് വഴിയാണ് മണിക്കൂറുകളോളം വാഹനങ്ങള്‍ കടത്തിവിട്ടത്. രാത്രി ഒരു മണി മുതല്‍ രാവിലെ എട്ട് മണി വരെയും ഫയര്‍ ഫോഴ്‌സിന്റെ റോഡ് കഴുകി വൃത്തിയാക്കല്‍ കാരണം രാവിലെ 10 മണിമുതല്‍ 12 മണി വരെയും ഗതാഗതം മുടങ്ങി. രാവിലെ എട്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ക്രയിന്‍ ഉപയോഗിച്ച് എടുത്തുമാറ്റിയത്. ദുര്‍ഗന്ധവും ശ്വാസതടസ്സവും കണ്ണിന് എരിച്ചിലും അനുഭവപ്പെട്ടതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര പോലും മണിക്കൂറുകളോളം മുടങ്ങി. ഈ ഭാഗത്തും പരിസരങ്ങളിലുമുള്ള കടകളെല്ലാം ഇന്നലെ അടച്ചിടേണ്ടിവന്നു.
ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ മണിക്കൂറുകളോളം വെള്ളം ചീറ്റി റോഡ് കഴുകിയും പൊടിമണ്ണ് വിതറിയുമാണ് ഉച്ചയോടെ ആസിഡിന്റെ വീര്യം കുറച്ചത്. ഇന്നലെ വൈകീട്ടും ആസിഡ് മണത്ത് നാട്ടുകാരില്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. കമ്പനി അധികൃതരും മറ്റ് ബന്ധപ്പെട്ടവരും അപകട സ്ഥലത്തെത്തി പരിശോധന നടത്താത്തതിലും ജനങ്ങളുടെ ആശങ്കക ദുരീകരിക്കാത്തതിലും നാട്ടുകാരില്‍ അമര്‍ഷമുയര്‍ന്നിട്ടുണ്ട്.