Connect with us

Kannur

മുകുളം പദ്ധതിയില്‍ അനിശ്ചിതത്വം; എസ് എസ് എല്‍ സി വിജയ ശതമാനത്തെ ബാധിച്ചു

Published

|

Last Updated

കണ്ണൂര്‍: മുകുളം പദ്ധതിയിലുള്ള അനിശ്ചിതത്വം ജില്ലയുടെ എസ് എസ് എസ് എല്‍ സി പരീക്ഷാഫലത്തെ ബാധിച്ചു. ഇത്തവണ 96.22 ശതമാനമാണ് ജില്ലയുടെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 96.93 ശതമാനം നേടിയിരുന്നു. സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച വിജയശതമാനം കണ്ണൂര്‍ ജില്ലക്കുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ മുകുളം പദ്ധതിയിലൂടെ നേടിയെടുക്കാനായ നേട്ടം ഇത്തവണ തുടരാനായില്ല.
വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്ന അച്ചടി ജോലികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവാണ് മുകുളം പദ്ധതിയെ ആശയക്കുഴപ്പത്തിലാക്കിയത്. ഇത് കാരണം കൈപുസ്തകം അച്ചടിക്കാനായില്ല. ഇത്തവണ പാഠപുസ്തകങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇതനുസരിച്ച് കൈപുസ്തകം അച്ചടിക്കാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സാധിച്ചില്ല. മാത്രമല്ല അധ്യാപക പരിശീലനവും നടത്താനായില്ല. ഒടുവില്‍ മുകുളം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത് എസ് എസ് എല്‍ സി പരീക്ഷക്ക് അടുത്ത ദിവസങ്ങളിലായിരുന്നു. പിന്നീട് വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും മുകുളം പദ്ധതിയുടെ ഭാഗമായി നടത്താനായില്ല. സാധാരണഗതിയില്‍ സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന പഠന പരിശീലനം തുടര്‍ന്നുവെന്ന് മാത്രം.
മുകുളം പദ്ധതി നടപ്പാക്കിയതോടെ അഞ്ച് തവണ കണ്ണൂര്‍ ജില്ലയായിരുന്നു എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ചതില്‍ ഒന്നാം സ്ഥാനത്ത്. 2006-07ല്‍ മുകുളം പദ്ധതി ആരംഭിച്ചതിനെ തുടര്‍ന്ന് 2010-11 വര്‍ഷം മാത്രമാണ് കണ്ണൂര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ തവണ സര്‍വകാല റെക്കാര്‍ഡ് സ്ഥാപിച്ചാണ് കണ്ണൂര്‍ വിജയം കൈവരിച്ചത്. 2005-06 വര്‍ഷം 77.58 ശതമാനമായിരുന്നു കണ്ണൂരിന്റെ വിജയശതമാനം. ഇവിടെ നിന്നാണ് മുകുളം പദ്ധതി ആരംഭിച്ചതോടെ വിജയശതമാനം 90.77 ശതമാനമായി വര്‍ധിച്ചത്. 2007-08ല്‍ 96.41, 2008-09ല്‍ 96.83, 2009-10ല്‍ 96.88 എന്നിങ്ങനെയായിരുന്നു കണ്ണൂര്‍ ജില്ലയുടെ വിജയശതമാനം. ഈ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു കണ്ണൂര്‍. 2010-11ല്‍ 96.24 ശതമാനം വിജയശതമാനം നേടിയെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം 96.90 ശതമാനം വിജയം നേടി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി. എന്നാല്‍ ഇത്തവണ ആറാം സ്ഥാനത്തേക്ക് കണ്ണൂര്‍ പിന്തള്ളപ്പെട്ടിരിക്കുകയാണ്. മുകുളം പദ്ധതിയെ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ കാരണമാണ് കണ്ണൂര്‍ ജില്ലയില്‍ ഇത്തവണ വിജയ ശതമാനം കുറഞ്ഞതെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി റോസ പറഞ്ഞു. സര്‍ക്കാര്‍ സ്‌കളുകള്‍ നല്ല വിജയം കരസ്ഥമാക്കി. നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനം ഈ വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.