തിരുനെല്ലിക്കും നല്ലൂര്‍നാടിനും തിളക്കമാര്‍ന്ന വിജയം

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 12:25 am

മാനന്തവാടി: ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളേയും വിജയിപ്പിച്ച് സര്‍ക്കാര്‍ മേഖലയിലെ തിരുനെല്ലി ആശ്രമം ഗവ ഹൈസ്‌കൂളും നല്ലൂര്‍നാട് അംബേദ്കര്‍ ഹൈസ്‌കൂളും തോല്‍പ്പെട്ടി ഗവ ഹൈസ്‌കൂളും തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. തിരുനെല്ലിയും നല്ലൂര്‍നാടും പട്ടിക വിഭാഗത്തിലുള്ളവര്‍ മാത്രമാണുള്ളത് എന്നത് കൊണ്ട് തന്നെ സുവര്‍ണനേട്ടമായി മാറി.
തിരുനെല്ലിയില്‍ 33 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 17 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പണിയ, അടിയ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. ആദ്യമായാണ് ഈ വിദ്യാലയം 100ശതമാനം വിജയം കൈവരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഈ നേട്ടം കൈവരിച്ചത്. നല്ലൂര്‍നാട് 32 പേരാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷവും നൂറുശതമാനം നേടിയിരുന്നു. തോല്‍പ്പെട്ടി ഹൈസ്‌കൂളിലെ ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം 100ശതമാനം വിജയം നേടിയിരുന്നു.
ഇത്തവണ വിജയം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 26 ആണ്‍കുട്ടികളും 25 പെണ്‍കുട്ടികളും ഉള്‍പ്പെടെ 51 പേരാണ് പരീക്ഷയെഴുതിയത്. തിരുനെല്ലിയിലും നല്ലൂര്‍നാടും ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തിയിരുന്നത്. ഭൂരിഭാഗവും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ വാര്‍ത്താ വിനിമയ സൗകര്യങ്ങളോ ഇല്ലാതെയാണ് ഈ സ്‌കൂളുകള്‍ തിളക്കമാര്‍ന്ന വിജയം നേടിയത്.