Connect with us

Palakkad

അട്ടപ്പാടിയില്‍ സി എം പി യു ഡി എഫ് ബന്ധം അവസാനിപ്പിച്ചു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ യു ഡി എഫ് ബന്ധം അവസാനിപ്പിച്ചതായി സി എം പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലും നടക്കുന്ന അഴിമതിയാണ് ആദിവാസി ശിശുമരണത്തിലേക്ക് നയിക്കുന്നത്. ശിശുമരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം തദ്ദേശ സ്വയം”ഭരണ വകുപ്പ് മന്ത്രി എം കെ മുനീര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്ത് ഭരണ സമിതികളെ കേരള പഞ്ചായത്തീരാജ് നിയമം 193 ാം വകുപ്പുപ്രകാരം പിരിച്ചുവിടണം. കൊടിയ അഴിമതിയാണ് അട്ടപ്പാടിയില്‍ നടക്കുന്നത്. ഇതിനെതിരെ സി പി എം ഉള്‍പ്പെടെ ആരുമായും സഹകരിച്ച് പ്രക്ഷോഭത്തിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു. അഗളി പഞ്ചായത്തില്‍ നടന്നുവരുന്ന അഴിമതിക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍ മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്. പശുവിതരണം, വീട് അറ്റകുറ്റപണി, കക്കൂസ് നിര്‍മാണം തുടങ്ങി പഞ്ചായത്തുകളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളെല്ലാം ഭരണ നേതൃത്വത്തിന്റെ ആശ്രിയര്‍ക്ക് മാത്രം ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും അവര്‍ ആരോപിച്ചു.
സാമ്പത്തിക മാനദണ്ഡം പോലും ലംഘിച്ചാണ് ഇത്തരത്തില്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കുന്നത്.—ഈ സാഹചര്യത്തിലാണ് ഘടക കക്ഷിയായിരുന്നിട്ടും യു ഡി എഫുമായി സഹകരിക്കാനാവില്ലെന്ന തീരുമാനമെടുത്തത്. ഇക്കാര്യം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതിക്കെതിരെ തുടര്‍ച്ചയായുള്ള പ്രക്ഷോഭങ്ങള്‍ നടത്തും. പത്രസമ്മേളനത്തില്‍ സി എം പി ഏരിയ സെക്രട്ടറി പി ജി സൈമണ്‍ കോശി, ജില്ലാ നിര്‍വാഹക സമിതി അംഗം ഷമീര്‍ കാഞ്ഞിരപ്പുഴ പങ്കെടുത്തു.—