ജലക്ഷാമത്തിന് പരിഹാരമായില്ല; സീബില്‍ ജനജീവിതം ദുസഹമാകുന്നു

Posted on: April 24, 2013 11:07 pm | Last updated: April 24, 2013 at 11:10 pm

മസ്‌കത്ത്: ജലക്ഷാമത്തിന് പരിഹാരമാകാത്ത സീബില്‍ ജനജീവിതം ദുസഹമാകുന്നു. നാലാഴ്ചയോളമായി തുടരുന്ന പ്രതിസന്ധിക്ക് കഴിഞ്ഞ ദിവസം താത്കാലിക ശമനമുണ്ടായെങ്കിലും കാര്യങ്ങള്‍ താമസിയാതെ പഴയപടിയായി. ജലക്ഷാമം മൂലം പള്ളികളും, കച്ചവട സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കയാണ്. സംഭവത്തില്‍ മജ്‌ലിസ് ശൂറ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സീബ് വിലായത്തിന്റെ മബേല ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് കടുത്ത കുടിവെള്ള ക്ഷാമം. ഈ മാസം നാലിനാണ് വെള്ളക്ഷാമം തുടങ്ങിയത്. വിതരണ കുഴലിലെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. പമ്പിംഗിന്റെ മര്‍ദകുറവാണ് വെള്ളം എത്താത്ത പ്രശ്‌നത്തിനിടയാക്കിയത്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയായി. മര്‍ദം കൂട്ടാനാണ് പൈപ്പുകള്‍ മാറ്റിയത്. എന്നാല്‍ ലൈനിലെ എല്ലാ പൈപ്പുകളും മാറ്റേണ്ട അവസ്ഥയാണിപ്പോള്‍. ചിലയിടങ്ങളിലെ പൈപ്പുകള്‍ തുരുമ്പിച്ച് ശേഷി കുറഞ്ഞതിനാല്‍ പുതിയ പൈപ്പിലൂടെ കൂടിയ മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്താലും പഴയ പൈപ്പുകള്‍ പൊട്ടാനിടയാകും. എന്നാല്‍ രാത്രികാലങ്ങളില്‍ വെള്ളം അല്‍പം ശക്തിയില്‍ ലഭിച്ചിരുന്നു. ബറകയിലെ പ്ലാന്റ് കൂടി അടച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. ലോറികളില്‍ വെള്ളം എത്തിക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസ്റ്റി ആന്‍ഡ് വാട്ടര്‍ (പി എ ഇ ഡബ്യു) അറിയിച്ചത്. എന്നാല്‍ ഇങ്ങനെയെത്തിക്കുന്ന വെള്ളം പലയിടത്തും പര്യാപ്തമായ രീതിയില്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് പ്രദേശ വാസികള്‍ക്കുള്ളത്.
അല്‍ ഹൈലില്‍ വെള്ളക്ഷാമം രൂക്ഷമാണെന്ന് ഇവിടത്തുകാര്‍ പറഞ്ഞു. ഫഌറ്റുകളിലെ മുകള്‍ നിലയില്‍ ഇപ്പോഴും വെള്ളം എത്തുന്നില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ വെള്ളം കിട്ടാതെ അടച്ചിട്ടിരിക്കയാണ്. മിക്ക സ്ഥലങ്ങളിലും കെട്ടിട നിര്‍മാണ പ്രവൃത്തികളും തടസ്സപ്പെട്ടു. റോയല്‍ ആര്‍മിയും, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാനും ഹയ വാട്ടര്‍ കമ്പനിയും ചേര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
സീബ് വിലായത്തിനെ പ്രതിനിധീകരിക്കുന്ന മജ്‌ലിസ് ശൂറ അംഗങ്ങള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി. ബറക, മുസന്ന പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. പി എ ഇ ഡബ്ല്യു ചെയര്‍മാനുമായി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്നും ഗ്രാമങ്ങളിലാണ് പ്രതിസന്ധി രൂക്ഷമെന്നും സീബ് വിലായത്തിന്റെ ചുമതലയുള്ള മജ്‌ലിസ് അംഗം നഈമ ബിന്ത് ജമീല്‍ അല്‍ ബുസൈദിയ പറഞ്ഞു. ബദല്‍ സംവിധാനങ്ങള്‍ പര്യാപതമാകില്ലെന്നും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുന്നത് വരെ പ്രതിസന്ധി തുടരുമെന്നും, ജല വിതരണ മേഖലയില്‍ സ്ഥിരം ബദല്‍ സംവിധാനം ഒരുക്കാന്‍ ആലോചന നടത്തുന്നുണ്ടെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാങ്കേതിക പിഴവാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് മുസന്ന വിലായത്തിലെ മജ്‌ലിസ് അംഗം നാസിര്‍ ബിന്‍ ഖമീസ് പറഞ്ഞു.
വെള്ളക്ഷാമത്തിന്റെ മറവില്‍ സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ അനുദിനം വെള്ളത്തിന് നിരക്ക് വര്‍ധിപ്പിക്കുകയാണ്. നേരത്തെ നാല് റിയാലിന് വെള്ളം ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം 30 റിയാലായി വര്‍ധിച്ചിരുന്നു. 70 റിയാലിനാണ് ഒരു ടാങ്ക് വെള്ളം വാങ്ങിയതെന്ന് ഹോട്ടലുടമ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹോട്ടല്‍ അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.