Connect with us

Palakkad

വേനല്‍ കനത്തതോടെ ജില്ലയില്‍ ക്ഷീരോത്പാദനത്തില്‍ വന്‍ കുറവ്

Published

|

Last Updated

പാലക്കാട്: വേനല്‍ കനത്തതോടെ ജില്ലയിലെ പാല്‍ ഉത്പാദനത്തിലും വന്‍ കുറവ്. ഇതു ക്ഷീരകര്‍ഷകരെയും ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. പ്രതിദിനം അരലക്ഷം ലീറ്റര്‍ പാലാണു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായി മില്‍മയില്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മില്‍മ പാലക്കാട് ഡെയറിയിലും പട്ടാമ്പി, അട്ടപ്പാടി മില്‍ക്ക് ചില്ലിംഗ് പ്ലാന്റുകളിലുമായി 2,15,000 ലീറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. ഈ വര്‍ഷം ഇവിടങ്ങളിലായി സംഭരിക്കുന്ന പാലിന്റെ അളവ് 1,63,000 ലീറ്ററായി ചുരുങ്ങി. 52,000 ലീറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചൂടു കൂടുന്തോറും പാല്‍ ഉത്പാദനത്തില്‍ ഇനിയും കുറവ് അനുഭവപ്പെടുമെന്ന ആശങ്കയിലാണ് അധികൃതരും ക്ഷീരകര്‍ഷകരും. അട്ടപ്പാടിയിലാണു കുറവ് പാല്‍ സംഭരിക്കുന്നത് (13,000). പട്ടാമ്പിയില്‍ 19,000 ലീറ്റര്‍ പാലാണു സംഭരിക്കുന്നത്. ഈ രണ്ട് ചില്ലിംഗ് പ്ലാന്റുകളിലാണ് പാല്‍ ഉത്പാദനത്തില്‍ കുറവ് അനുഭ”വപ്പെടുന്നതെന്ന് അധികൃതര്‍ പറയുന്നു. പാലക്കാട് ഡെയറിയില്‍ 1,31,000 ലീറ്റര്‍ പാലാണ് എത്തുന്നത്. വേനല്‍ കനത്തതോടെ തീറ്റയിലുണ്ടായ കുറവാണു പാല്‍ ഉല്‍പാദനം കുറയാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂടില്‍ വീട്ടുവളപ്പില്‍ കെട്ടിയിടുന്ന പശുക്കള്‍ക്കു പോലും സൂര്യാതപം ഏല്‍ക്കുകയാണ്. ഇതുമൂലം പുറത്തു തീറ്റാന്‍ ക്ഷീരകര്‍ഷകര്‍ തയാറാവുന്നില്ല.
ചൂട് കൂടിയാല്‍ ജില്ലയില്‍ കനത്ത പാല്‍ക്ഷാമമാവും അനുഭവപ്പെടുക. പാല്‍ ഉല്‍പാദനം കുറഞ്ഞതോടെ ക്ഷീരകര്‍ഷകര്‍ കനത്ത നഷ്ടത്തിലാണു പശുക്കളെ വളര്‍ത്തുന്നത്. പലരും പശു വളര്‍ത്തല്‍ നിര്‍ത്തിക്കഴിഞ്ഞു. ഇതോടെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ നിലനില്‍പ്പും അപകടത്തിലായിട്ടുണ്ട്.
പ്രാദേശിക വില്‍പന കഴിഞ്ഞ് മില്‍മക്ക് പാല്‍ അളക്കാന്‍ പല സംഘങ്ങള്‍ക്കുംസാധ്യാമകുന്നില്ല. ഇതോടെ മില്‍മയില്‍ നിന്നും ക്ഷീരവികസന വകുപ്പില്‍ നിന്നും ലഭിക്കുന്ന പല ആനുകൂല്യങ്ങളും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ലെന്നും പരാതിയുണ്ട്.