Connect with us

Sports

റയലിന് ഭീഷണിയാണ് ഡോട്മുണ്ട്

Published

|

Last Updated

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാമത്തെ ജര്‍മന്‍-സ്‌പെയിന്‍ സെമിഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ടും സ്പാനിഷ് കരുത്തര്‍ റയല്‍മാഡ്രിഡും തമ്മിലുള്ള ആദ്യ പാദ സെമി, ഡോട്മുണ്ടിന്റെ തട്ടകത്തിലാണ്. ഹോംഗ്രൗണ്ടിലായതിനാല്‍ ജര്‍മന്‍ ക്ലബ്ബിന് മുന്‍തൂക്കമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ റയലിനെ 1-2ന് ബൊറൂസിയ ഹോംഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയിരുന്നു. ഇതൊരു അട്ടിമറി വിജയമായിരുന്നില്ലെന്ന് റിട്ടേണ്‍ ലെഗിന് ബെര്‍നാബുവില്‍ റയലിന്റെ തട്ടകത്തിലെത്തിയപ്പോള്‍ ജര്‍മന്‍ ക്ലബ്ബ് തെളിയിച്ചത് 2-2ന് സമനില പിടിച്ചാണ്. റയലിനെതിരെ രണ്ട് എവേ ഗോളുകള്‍ നേടിയ ഡോട്മുണ്ടിന്റെ സെമിവരെയുള്ള കുതിപ്പ് മികച്ച ടീം വര്‍ക്കിനെ കേന്ദ്രീകരിച്ചായിരുന്നു. ഏറെക്കുറെ ഒരേ ശൈലിയിലാണ് ഇവര്‍ കളിക്കുന്നത്. 4-2-3-1 എന്നതാണ് ടീം വിന്യാസം. പ്രതിരോധത്തിലെ പിഴവുകള്‍ പരമാവധി ഒഴിവാക്കുക എന്ന ജോസ് മൗറിഞ്ഞോ സിദ്ധാന്തം തന്നെയാണ് ഡോട്മുണ്ട് കോച്ച് യുര്‍ഗന്‍ ക്ലോപിനും. റയല്‍മാഡ്രിഡ് കോച്ച് ഏറെ ബഹുമാനം നല്‍കുന്ന ടീമുകളിലൊന്നാണ് ബൊറൂസിയ. സ്ഥായിയായ പ്രകടനം തന്നെയാണ് ഇതിന് കാരണം. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അയാക്‌സിനെ ഏകഗോളിന് പരാജയപ്പെടുത്തിയ ഡോട്മുണ്ട് ലണ്ടനില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 1-1ന് സമനില പിടിച്ചു. ഹോംഗ്രൗണ്ടിലെ റിട്ടേണ്‍ ലെഗില്‍ 1-0ന് സിറ്റിയെ പരാജയപ്പെടുത്തിയത് ഡോട്മുണ്ടിന്റെ കരുത്തറിയിച്ചു.റയലിനെ തോല്‍പ്പിച്ചതും സ്‌പെയിനില്‍ അവര്‍ക്കെതിരെ സമനില പിടിച്ചതും അവരുടെ കരുത്തിന്റെ പ്രതീകമായി മുന്നിലുണ്ട്. ഡച്ച് ലീഗില്‍ കിരീടത്തിലേക്ക് നീങ്ങുന്ന അയാക്‌സിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബൊറൂസിയ തകര്‍ത്തത്. പ്രീക്വാര്‍ട്ടറില്‍ ഷാക്തര്‍ ഡോനെസ്‌കിനെ ഇരുപാദത്തിലുമായി 2-5ന് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ സ്പാനിഷ് ടീം മലാഗയെ 2-3നും കീഴടക്കി. മാര്‍കോ റ്യൂസ് എന്ന മിഡ്ഫീല്‍ഡറുടെ ക്രിയേറ്റിവിറ്റിയാണ് ബൊറൂസിയയുടെ കരുത്തുകളില്‍ പ്രധാനം. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ പത്ത് മത്സരങ്ങളില്‍ നാല് ഗോളുകള്‍ നേടിയ റ്യൂസ് ഒരു ഗോളിന് വഴിയൊരുക്കി. ഈ കണക്ക് റ്യൂസിന്റെ മികവ് വരച്ചുകാണിക്കുവാന്‍ പോന്നതല്ല. സീസണിലെ മൊത്തം പ്രകടനമെടുത്താല്‍ 21 ഗോളുകള്‍ നേടി. 43 മത്സരങ്ങളില്‍ പത്ത് ഗോളുകള്‍ക്ക് തുറന്ന അവസരമൊരുക്കിയെന്ന് കാണാം. ഗ്രൗണ്ടില്‍ റ്യൂസിന്റെ സാന്നിധ്യം നല്‍കുന്ന മാനസിക ബലമാണ് ആ താരത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നത്.