Connect with us

Kerala

എസ്എസ്എല്‍സി ഫലം ഇന്ന്: സിറാജ്‌ലൈവിലും ഫലമറിയാം

Published

|

Last Updated

തിരുവനന്തപുരം:എസ് എസ് എല്‍ സി പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്നതിന് ഇത്തവണയും മോഡറേഷന്‍ നല്‍കേണ്ടതില്ലെന്ന് പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബായിരിക്കും ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിജയശതമാനം സര്‍വകാല റെക്കോര്‍ഡാ (93.64) യിരുന്നു. ഇത്തവണ നേരിയ വര്‍ധന രേഖപ്പെടുത്തിയതായാണ് വിവരം. ഇന്നലെ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അന്തിമ അംഗീകാരം നല്‍കി. ഇതിനു പുറമെ ഫലത്തെക്കുറിച്ച് വിശദമായ വിലയിരുത്തലുമുണ്ടായി. ഓരോ വര്‍ഷവും വികലാംഗ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. വിജയശതമാനം കൃത്രിമമായി ഉയര്‍ത്തുന്നതിന് സ്‌കൂള്‍ അധികൃതര്‍ തെറ്റായ വിവരം നല്‍കി വിദ്യാര്‍ഥികളെ വികലാംഗ വിഭാഗത്തില്‍ പരീക്ഷയെഴുതിച്ചതായാണ് പരാതി ലഭിച്ചത്. ഇത്തവണ എ പ്ലസ് നേടിയ വികലാംഗരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായാണ് വിലയിരുത്തല്‍. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പരിശോധനയില്‍ ഇവര്‍ വികലാംഗരല്ലെന്ന് തെളിഞ്ഞാല്‍ വിജയിച്ചവരെ അയോഗ്യരായി പ്രഖ്യാപിക്കും. തമിഴ്, ബയോളജി പോലുള്ള വിഷയങ്ങളുടെ വിജയശതമാനം സംസ്ഥാന ശരാശരിയേക്കാള്‍ ഇത്തവണ താഴ്ന്നിട്ടുണ്ട്. ഇതെക്കുറിച്ചും വിശദമായ പരിശോധന നടത്താനും പരീക്ഷാ ബോര്‍ഡ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (സ്‌പെഷ്യല്‍ സ്‌കൂള്‍) എച്ച് എസ് എല്‍ സി, എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇന്നുണ്ടാകും. ഫലമറിയുന്നതിന് വിപുലമായ സൗകര്യമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. പരീക്ഷാഫലം എസ് എം എസ് വഴി ലഭിക്കുന്നതിന് കേരള സംസ്ഥാന ഐ ടി മിഷനും സൗകര്യമേര്‍പ്പെടുത്തി. ഫലം പ്രസിദ്ധീകരിക്കുന്ന മുറക്ക് സംസ്ഥാനത്തെ എല്ലാ മൊബൈല്‍ സേവനദാതാക്കളില്‍ നിന്നും മൊബൈലില്‍ പരീക്ഷാഫലം ലഭിക്കും. പരീക്ഷാ ഫലമറിയുന്നതിന് എസ് എസ് എല്‍ സി <സ്‌പേസ്> രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേക്ക് എസ് എം എസ് സന്ദേശമയക്കണം.

സിറാജ്‌ലൈവില്‍ നിന്ന് നേരിട്ടറിയാം
കോഴിക്കോട്: എസ് എസ് എല്‍ സി ഫലം ഏറ്റവും വേഗത്തില്‍ വായനക്കാരിലെത്തിക്കാന്‍ സിറാജ് സംവിധാനമൊരുക്കി. സിറാജിന്റെ ന്യൂസ് പോര്‍ട്ടലായ www.sirajlive.com ല്‍ നിന്ന് നേരിട്ട് ഫലമറിയാം. ഫലപ്രഖ്യാപനം പൂര്‍ത്തിയായ ഉടന്‍ തന്നെ സിറാജ്‌ലൈവില്‍ ഫലം ലഭ്യമാകും. ഹോം പേജില്‍ തന്നെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി ഏറ്റവും എളുപ്പത്തിലും വേഗത്തിലും ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

 

 

Latest