കോഴി അവശിഷ്ടങ്ങളുമായെത്തിയ വണ്ടി നാട്ടുകാര്‍ തകര്‍ത്തു

Posted on: April 23, 2013 11:17 am | Last updated: April 23, 2013 at 11:17 am

വടകര: കോഴി അവശിഷ്ടങ്ങള്‍ താഴെ അങ്ങാടിയിലെ കടലോരത്ത് തള്ളാനായെത്തിയ പിക്ക് അപ്പ് വാന്‍ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കടപ്പുറത്ത് കടല്‍ഭിത്തിയോട് ചേര്‍ന്ന് തള്ളാനായി കൊണ്ടുപോയ വാഹനമാണ് തകര്‍ക്കപ്പെട്ടത്.
വടകര നഗരത്തിലെയും നാദാപുരം, കക്കട്ടില്‍, കണ്ണൂക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കോഴിസ്റ്റാളുകളിലെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കടലോരത്ത് തള്ളുന്ന സംഘം സഞ്ചരിച്ച വാഹനമാണ് തകര്‍ത്തത്. മാംസാവശിഷ്ടങ്ങള്‍ കെട്ടുകളിലാക്കി കടല്‍ ഭിത്തിക്കപ്പുറം തള്ളുകയാണിവര്‍ ചെയ്യുന്നത്. ദുര്‍ഗന്ധത്താലും മാംസാവശിഷ്ടങ്ങള്‍ കാക്കയും മറ്റും കൊത്തി വലിച്ച് കിണറുകളില്‍ കൊണ്ടിടുന്നതും കാരണം പരിസരത്തെ താമസക്കാര്‍ ദുരിതത്തിലാണ്. പനിയും മറ്റ് പകര്‍ച്ചവ്യാധിയും ഇവിടെ വ്യാപകമാണ്.
ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി യുവാക്കള്‍ ഉറക്കമൊഴിഞ്ഞ് ഈ സംഘത്തെ പിടികൂടാന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. പിക്കപ്പ് വാനിന്റെ ചില്ലും ലൈറ്റും തകര്‍ത്ത് ടയറിന്റെ കാറ്റും അഴിച്ചുവിട്ടു. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.