ഓഹരി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി

Posted on: April 23, 2013 11:12 am | Last updated: April 23, 2013 at 11:12 am

കോഴിക്കോട്: ചേവായൂര്‍ ഹസ്തിനാപുരിയില്‍ താമസിക്കുന്ന പൂളക്കാമണ്ണില്‍ ടി പി നൗഷാദ് ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ നടത്തുന്നതിന് കമ്പനി രൂപവത്കരിക്കാമെന്നും ഭൂമിയുടെ വില കണക്കാക്കി അതിനു തുല്യമായ ഓഹരി അനുവദിക്കാമെന്നും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത്തരത്തില്‍ വാഗ്ദാനം നടത്തി നിരവധി പേരെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും ബാലുശ്ശേരി ബ്ലൂമെറ്റല്‍ ആന്‍ഡ് സാന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മൈസൂര്‍മല ബ്ലൂമെറ്റല്‍ ആന്‍ഡ് സാന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മുക്കം ക്രഷര്‍ ആന്‍ഡ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ പേരുകളില്‍ കമ്പനി രൂപവത്കരിച്ചെങ്കിലും വാഗ്ദാനം ചെയ്ത ഓഹരി ആര്‍ക്കും നല്‍കിയില്ലെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
മുന്‍ വ്യവസായ മന്ത്രിയുടെ ബന്ധുവാണെന്നും അദ്ദേഹത്തിനു വേണ്ടി കാര്യങ്ങള്‍ നോക്കിനടത്തുന്നത് താനാണെന്നും പറഞ്ഞാണ് നൗഷാദ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ഇയാള്‍ അനധികൃതമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. മുക്കം, കൊടിയത്തൂര്‍, കുന്ദമംഗലം, ചേവായൂര്‍, വെള്ളിപറമ്പ്, ബാലുശ്ശേരി, കിനാലൂര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ ഭൂമി വാങ്ങിക്കൂട്ടിയത്.
വി പി മൊയ്തീന്‍കുട്ടി ഹാജിയുടെ മുക്കം ക്രഷര്‍ യൂനിറ്റില്‍ നൗഷാദ് പാര്‍ട്ണര്‍ ആകാമെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥകളും തുകയും പറഞ്ഞുറപ്പിച്ചത് മുന്‍ വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണെന്ന് ഇവര്‍ ആരോപിച്ചു. ഇയാളുടെ പുതിയ കമ്പനിയില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞതിനാല്‍ നൗഷാദിന് ബ്ലാങ്ക് ചെക്കുകള്‍ നല്‍കിയ ഇയാളുടെ ഡ്രൈവര്‍ സുബൈര്‍ ഇപ്പോള്‍ ചെക്കുകേസില്‍പെട്ട് റിമാന്‍ഡിലാണെന്നും ഇവര്‍ പറഞ്ഞു. ഭൂമി തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നതിനായി അന്വേഷണം ശക്തമാക്കണമെന്നും പല സ്റ്റേഷന്‍ പരിധിയിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന സാഹചര്യത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി പി മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. നൗഷാദ് നടത്തിയ വന്‍ ഭൂമി തട്ടിപ്പിനെക്കുറിച്ചും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ മുന്‍ മന്ത്രിയുടെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സി രാജന്‍, ഒ ശിവരാജന്‍, കെ പി വേലായുധന്‍, റജീന പങ്കെടുത്തു.